മുസ്‌ലീം ബ്രദർഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക; സാമ്പത്തിക ഉപരോധവും അംഗങ്ങളുടെ യുഎസ് പ്രവേശനവും വിലക്കി

വാഷിങ്ടൺ: മുസ്‌ലീം ബ്രദർഹുഡിൻ്റെ മൂന്ന് മിഡിൽ ഈസ്റ്റ് ശാഖകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് അമേരിക്ക. മുസ്‌ലീം ബ്രദർഹുഡിൻ്റെ ലെബനീസ്, ജോർദാൻ, ഈജിപ്ത്യൻ വിഭാഗങ്ങൾക്കെതിരെയാണ് നടപടി.

മുസ്‌ലീം ബ്രദർഹുഡിൻ്റെ ആക്രമണം എവിടെ സംഭവിച്ചാലും അത് തടയുന്നതിനുള്ള പ്രാരംഭ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. മുസ്‌ലീം ബ്രദർഹുഡിൻ്റെ ലെബനീസ് വിഭാഗത്തെ വിദേശ ഭീകര സംഘടന കരിമ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

“ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ മുസ്‌ലീം ബ്രദർഹുഡിന് ദീർഘകാലമായി പങ്കുണ്ട്. സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് അവരെ ഇല്ലാതാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അമേരിക്കക്കാരുടെ സുരക്ഷക്കായി അവർ പ്രവർത്തിക്കുന്നിടത്തെല്ലാം തീവ്രവാദ ശൃംഖലകളെ തകർക്കാനുള്ള കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്” – യുഎസ് ട്രഷറി സെക്രട്ടറി ബെസെൻ്റ് എക്‌സിൽ കുറിച്ചു.

കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടിവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വച്ചിരുന്നു. അതേസമയം ഈജിപ്ഷ്യൻ മുസ്‌ലീം ബ്രദർഹുഡ് അമേരിക്കയുടെ തീരുമാനത്തെ അപലപിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലീങ്ങളെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തെ ഇല്ലാതാക്കാൻ നിയപരമായ എല്ലാ വഴികളും പിന്തുടരുമെന്നും ഈജിപ്ഷ്യൻ മുസ്‌ലീം ബ്രദർഹുഡ് പ്രസ്‌താവനയിൽ അറിയിച്ചു.

ലബനീസ് രാഷ്ട്രീയ സാമൂഹിക സ്ഥാപനമാണെന്നും അത് നിയമത്തിൻ്റെ പരിധിക്കുള്ളിലാണ് പ്രവർത്തിക്കുന്നതെന്നും യുഎസ്‌ തീരുമാനത്തിന് ലെബനനിൽ നിയമപരമായ സ്വാധീനമില്ലെന്നും അൽ-ജമാഅ അൽ-ഇസ്ലാമിയ (ഇസ്ലാമിക് ഗ്രൂപ്പ്) എന്നറിയപ്പെടുന്ന മുസ്‌ലീം ബ്രദർഹുഡിൻ്റെ ലെബനീസ് ശാഖ വ്യക്തമാക്കി.

അതേസമയം മുസ്‌ലീം ബ്രദർഹുഡിന് ഹമാസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും യുഎസ് പൗരന്മാര്‍ക്കും യുഎസ് താത്പര്യങ്ങള്‍ക്കും ഹാനികരമായ ശ്രമങ്ങളും നടക്കുന്നുവെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒപ്പ് വച്ച എക്‌സിക്യൂട്ടിവ് ഉത്തരവ് പ്രകാരം മുസ്‌ലീം ബ്രദർഹുഡിന് ഉപരോധം ആവശ്യമാണെന്ന് കണ്ടെത്തിയാൽ അത് നടപ്പിലാക്കാൻ യുഎസ്‌ ഉദ്യോഗസ്ഥർക്ക് 45 ദിവസത്തെ സമയം നൽകുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

ഇതോടെയാണ് സാമ്പത്തിക ഉപരോധങ്ങള്‍ക്കും അംഗങ്ങള്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങിയത്. ടെക്‌സസ് ഗവര്‍ണര്‍ മുസ്‌ലീം ബ്രദര്‍ഹുഡിനെ വിദേശ ഭീകര സംഘടനയായും അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ സംഘടനയായും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും ഇത്തരമൊരു നീക്കത്തിന് ഒരുങ്ങിയിരിക്കുന്നത്. ഏകദേശം 100 വർഷം മുൻപ് ഈജിപ്‌തിലാണ് ബ്രദര്‍ഹുഡ് സ്ഥാപിതമായത്. ലോകമെമ്പാടും ഇതിന് പ്രാദേശിക ശാഖകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*