തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എഎൻ ഷംസീർ. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണമെന്നും അത്തരത്തിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്വകാര്യ വ്യക്തികളുടെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും സമിതിക്ക് അതിൽ നടപടിയെടുക്കാൻ കഴിയില്ല. നിയമസഭയുടെ പ്രവർത്തനങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് പങ്കില്ലാത്തതിനാൽ ഒരു എംഎൽഎ നൽകുന്ന പരാതി മാത്രമേ സമിതിക്ക് കൈമാറാൻ കഴിയൂ. രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസ്സിനെ ബാധിക്കില്ല. വ്യക്തികളല്ല സഭയുടെ അന്തസ്സ് തീരുമാനിക്കുന്നത്. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎയുടെ പരാതി എത്തിക്സ് കമ്മിറ്റി പരിശോധിച്ച ശേഷം അത് സഭയുടെ പരിഗണനയ്ക്ക് വരും. അതിനുശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡിയിലാണ് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ ഉള്ളത്. മൂന്ന് പീഡനക്കേസുകളിലെ പ്രതിയാണ് രാഹുൽ. ഇതിൽ രണ്ട് കേസുകളിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതിയുടെ സംരക്ഷണമുണ്ട്. മൂന്നാമത്തെ കേസിൽ ഞായറാഴ്ച അറസ്റ്റിലായ ഇദ്ദേഹത്തെ പത്തനംതിട്ട കോടതിയാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്.
നിയമസഭ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ച് ഒരു സാമാജികനെതിരെ നടപടിയെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്ന് സ്പീക്കർ വിശദീകരിച്ചു. സഭയുടെ അന്തസ്സിനോ സദാചാരബോധത്തിനോ നിരക്കാത്ത പെരുമാറ്റം ഒരു അംഗത്തിൻ്റെ ഭാഗത്തുനിന്നുണ്ടായാൽ അതിനെതിരെ നടപടി സ്വീകരിക്കാൻ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് അധികാരമുണ്ട്. എന്നാൽ ഈ സമിതി ഒരു ജുഡീഷ്യൽ ബോഡിയല്ല. മറിച്ച് സാമാജികരുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സഭയുടെ ആഭ്യന്തര സംവിധാനമാണ്. അതുകൊണ്ടാണ് പുറത്തുനിന്നുള്ള വ്യക്തികളുടെ പരാതികൾക്ക് ഇതിൽ നിയമപരമായ സാധുത ഇല്ലാത്തത്.
ഏതെങ്കിലും ഒരു എംഎൽഎ രേഖാമൂലം സ്പീക്കർക്ക് പരാതി നൽകിയാൽ മാത്രമേ സ്പീക്കർക്ക് അത് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി കൈമാറാൻ സാധിക്കൂ. തുടർന്ന് കമ്മിറ്റി കുറ്റാരോപിതനായ അംഗത്തിൽനിന്ന് വിശദീകരണം തേടുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഇതിനുശേഷമാണ് കമ്മിറ്റി റിപ്പോർട്ട് സഭയിൽ സമർപ്പിക്കുന്നത്. സഭയാണ് അന്തിമമായി ശിക്ഷാനടപടികൾ തീരുമാനിക്കുന്നത്. ശാസന, സസ്പെൻഷൻ തുടങ്ങി അംഗത്വത്തിൽനിന്ന് നീക്കം ചെയ്യുന്നതുവരെയുള്ള ശിക്ഷകൾ സഭയ്ക്ക് വിധിക്കാൻ കഴിയുമെങ്കിലും ക്രിമിനൽ കേസുകളിൽ കോടതി വിധി വരുന്നതുവരെ സാധാരണഗതിയിൽ കടുത്ത നടപടികളിലേക്ക് കടക്കാറില്ല.
ജനപ്രാതിനിത്യ നിയമപ്രകാരം ഒരു ക്രിമിനൽ കേസിൽ സാമാജികൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തിലധികം തടവുശിക്ഷ ലഭിച്ചാൽ മാത്രമേ ഓട്ടോമാറ്റിക്കായി അയോഗ്യത കൽപ്പിക്കപ്പെടുകയുള്ളൂ. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ വിചാരണ നേരിടുന്ന പ്രതി മാത്രമായതിനാലാണ് ഉടനടി അയോഗ്യത എന്ന വിഷയം സാങ്കേതികമായി ഉദിക്കാത്തതെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്നാലും ധാർമികമായ ഉത്തരവാദിത്തം എന്ന നിലയിൽ വിഷയം ഗൗരവകരമാണെന്ന് സ്പീക്കർ പരോക്ഷമായി സൂചിപ്പിച്ചു. സാമാജികർ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നും സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പൊതുപ്രവർത്തകർക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾ ജനാധിപത്യ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം കുറയാൻ ഇടയാക്കുമെന്ന ആശങ്കയും സ്പീക്കർ പങ്കുവച്ചു.



Be the first to comment