എൻഐഎയുടെ തലപ്പത്തേക്ക് രാകേഷ്‌ അഗർവാൾ; ബിഎസ്‌എഫിലും ഐടിബിപിയുടെ തലപ്പത്തും അഴിച്ചുപണി

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ തലവനായി നിയമിതനായി രാകേഷ്‌ അഗർവാൾ. ഐപിഎസ് 1994 ബാച്ച് ഹിമാചൽ പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥാനായ അഗർവാൾ നിലവിൽ തീവ്രവാദ വിരുദ്ധ ഏജൻസിയിൽ സ്‌പെഷ്യൽ ഡയറക്‌ടർ ജനറലായി പ്രവർത്തിക്കും. ഔദ്യോഗിക ഉത്തരവുകൾ പ്രകാരം 2028 ഓഗസ്‌റ്റ് 31 വരെ രാകേഷ്‌ അഗർവാള്‍ എൻഐഎ മേധാവിയായി സേവനമനുഷ്‌ഠിക്കും.

എൻഐഎ മുൻ ഡയറക്‌ടർ ജനറൽ സദാനന്ദ് വസന്ത് ദത്ത് മഹാരാഷ്‌ട്ര കേഡറിലേക്ക് തിരിച്ചയച്ചതിനെ തുടർന്നാണ് അഗർവാളിൻ്റെ സ്ഥാനക്കയറ്റം. കഴിഞ്ഞ വർഷം ഡിസംബറിൽ എസിസി രാകേഷ്‌ അഗർവാളിന് എൻഐഎ ഡയറക്‌ടർ ജനറലിൻ്റെ അധിക ചുമതല നൽകിയിരുന്നു.

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദ വൽക്കരണം, ആഭ്യന്തര സുരക്ഷാ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ മികച്ച അന്വേഷകനാണ് രാകേഷ്‌ അഗർവാൾ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമായി (സിബിഐ) അഗർവാൾ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര, ഹിമാചൽ പ്രദേശ് സർക്കാരുകൾക്ക് കീഴിൽ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

അതേസമയം മുൻ ഹരിയാന പൊലീസ് മേധാവി ശത്രുജീത് സിങ് കപൂറിനെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൻ്റെ ഡയറക്‌ടർ ജനറലായും നിയമിച്ചു. നിലവിലെ ഐടിബിപിയുടെ ഡയറക്‌ടർ ജനറൽ പ്രവീൺ കുമാറിനെ ബിഎസ്‌എഫിൻ്റെ പുതിയ തലവനായി നിയമിച്ചതിന് പിന്നാലെയാണ് ശത്രുജീതിൻ്റെ നിയമനം

1990 ഐപിഎസ് ബാച്ചിലെ ഹരിയാന കേഡറിലെ ഉദ്യോഗസ്ഥനാണ് ശത്രുജീത് സിങ്. 2001 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ വൈ പരുൺ സ്വയം വെടിവച്ച് മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ആത്മഹത്യാ കുറിപ്പിൽ ശത്രുജിത്ത് ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉണ്ടായിരുന്നു.

ഇതെതുടർന്ന് ഹരിയാന സർക്കാർ കഴിഞ്ഞ മാസം ശത്രുജിതിനെ സംസ്ഥാന ഡിജിപിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2026 ഒക്ടോബർ 31 വരെ ശത്രുജിതിൻ സിങ് ഐടിബിപിയുടെ ഡയറക്‌ടർ ജനറലായി തുടരും.

ബിഎസ്‌എഫിൻ്റെ പുതിയ തലവനായി ചുമതലയേറ്റ പ്രവീൺ കുമാർ ദൽജിത് സിങ് ചൗധരിയുടെ വിരമിക്കലിനെത്തുടർന്നാണ് നിയമിതനാവുന്നത്. നവംബർ 30 മുതൽ പ്രവീൺ കുമാർ ബിഎസ്‌എഫ് ഡയറക്‌ടർ ജൻറലിൻ്റെ അധിക ചുമതല വഹിക്കുന്നുണ്ട്. 2030 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലേക്കാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*