‘കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം, യുഡിഎഫുമായി ചർച്ച നടത്തിയെന്ന ആരോപണം അജണ്ടയുടെ ഭാഗം’; റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ആ ഇടതുപക്ഷമാണ് അധികാരത്തിൽ വരിക. യുഡിഎഫുമായി ചർച്ച നടത്തി എന്നത് വിശ്വാസ്യത തകർക്കാനുള്ള അജണ്ടയാണ്. ഇന്ന് യുഡിഎഫിനൊപ്പം പോകുമെന്ന് പറഞ്ഞാൽ അഞ്ച് എംഎൽഎമാരും ഒപ്പം ഉണ്ടാകും, എന്നാൽ ഞങ്ങൾ അങ്ങനെ പറയില്ല. 13-ൽ കൂടുതൽ സീറ്റുകൾ ലഭിക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ നഷ്ടമായ വിശ്വാസ്യത തിരിച്ച് വരുന്നു. സാഹചര്യം മാറുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കുറച്ച് പിന്നോട്ടു പോയിട്ടുണ്ട്. കേരളാ കോൺഗ്രസും ഇടതുപക്ഷവും ആകെ കുറച്ച് പിന്നിലേക്ക് പോയി. പിന്നിലേക്ക് പോയ സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

അതേസമയം മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം. ഇതിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തീരുമാനത്തിന് പിന്തുണ നല്‍കാനാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന നിലപാട് ജോസ് കെ മാണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അഞ്ച് എംഎല്‍എമാരുടെ നിലപാടാണ് തലവേദനയുണ്ടാക്കിയിരുന്നത്. ഇവരെ ജോസ് കെ മാണി വിളിച്ച് സംസാരിക്കുകയും സമവായമുണ്ടാക്കുകയും ചെയ്‌തെന്നാണ് വിവരം. സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ ജോസിന് നൂറ് ശതമാനം പിന്തുണ അറിയിച്ചതായാണ് വിവരം. ചെയര്‍മാന്‍ എന്ത് നിലപാടെടുക്കുന്നോ അതിനൊപ്പം അണിനിരക്കുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.

യുഡിഎഫ് തങ്ങളെ ചവിട്ടിപുറത്താക്കിയപ്പോള്‍ ചേര്‍ത്ത് പിടിച്ചത് എല്‍ഡിഎഫെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. കൂടുതല്‍ സീറ്റുകള്‍ക്ക് കേരള കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഉയര്‍ന്ന പൊതുവായ ആവശ്യം. ഇടതുപക്ഷമാണ് തുടര്‍ന്നും അധികാരത്തിലെത്തുകയെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*