കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് പിടിയില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മരിച്ച ഗ്രിമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തി ഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത (54) മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
തന്റെയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം ഗ്രീമയുടെ ഭര്‍ത്താവ് ബി എം ഉണ്ണികൃഷ്ണന് ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വര്‍ഷത്തോളമായി മാനസിക പീഡനവും അവഗണനയും നേരിടുകയാണ്. മകളെ ഉപയോഗിച്ച ഉടുപ്പുപോലെയാണ് എറിഞ്ഞു കളയുന്നത്. പിരിയാന്‍ തക്ക കാരണങ്ങള്‍ ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും കുറിപ്പില്‍ പറയുന്നു. സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്നു മാസം മുൻപാണ് മരിച്ചത്.
സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കുറിപ്പ് അയച്ചിരുന്നു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൂന്തുറ പോലീസ് എത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.6 വർഷം മുൻപായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നൽകിയാണു വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു.



Be the first to comment