സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മണ്ഡലത്തിലുള്ള ആളെന്ന നിലയിലാണ് സഹകരിച്ചതെന്ന വാദം അടൂര്‍ പ്രകാശ് ആവർത്തിച്ചു. പോറ്റി ക്ഷണിച്ച ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ശബരിമലയിലെ ചടങ്ങിനെത്താനായി പോറ്റി തന്നെ ക്ഷണിച്ചു. അതനുസരിച്ചാണ് പോയത്. പിന്നീട് പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ പോയി. പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി.നായര്‍ക്കൊപ്പമാണ് പോയത്. പോറ്റി കൊള്ളസംഘക്കാരനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.
പോറ്റിയില്‍ നിന്നും സമ്മാനം വാങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നതും അടൂര്‍ പ്രകാശ് നിഷേധിച്ചിട്ടില്ല. ഈന്തപ്പഴമോ മറ്റോ ആണ് പോറ്റി സമ്മാനമായി തന്നത്. അത് അപ്പോള്‍ തന്നെ അവിടെയുള്ളവര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കൈയിൽ തന്ന കവർ പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണമാണ്. അതിനാണ് പിന്നീട് അവരുടെ വീട്ടിൽ പോയത്. താൻ വഴിയല്ല സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റി എത്തിയത്. എന്താണ് ചടങ്ങെന്ന് കൃതൃമായി ഓർക്കാനാകുന്നില്ല. രമേഷ് ബാബുവിനെ അറിയില്ല. ഒപ്പം വന്നു കണ്ടവരെയും പരിചയമില്ല. താൻ നിത്യസന്ദർശകനാണെന്നു പറഞ്ഞ പോറ്റിയുടെ അയൽക്കാരൻ പെയ്ഡ് സാക്ഷിയാകാമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അടൂർ പ്രകാശിന് ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലായി. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്. ബെംഗളൂരുവിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചത്രങ്ങളാണ് പുറത്തുവന്നത്.



Be the first to comment