ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. ഇതോടെ മുരാരി ബാബുവിന് ജയിലിന് പുറത്തിറങ്ങാം.

കര്‍ശന ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ശബരിമല സ്വര്‍ണകൊള്ള കേസില്‍ ആദ്യമായി ജയില്‍ മോചിതനാക്കുന്ന വ്യക്തിയാണ് മുരാരി. അഡ്വക്കേറ്റ് സജികുമാര്‍ ചങ്ങനാശേരിയാണ് മുരാരിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

ദ്വാരപാലക ശില്‍പ കേസിലും കട്ടിള പാളി കേസിലും ഒന്നിച്ച് അറസ്റ്റ് ചെയ്ത മുരാരി ബാബുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടു. എന്നാല്‍, ഇതുവരെ എസ്ഐടി ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി കൊല്ലം വിജിലന്‍സ് കോടതിയില്‍ മുരാരി ബാബു സമര്‍പ്പിച്ച ഇരു ജാമ്യഹര്‍ജികളിലും ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ടു പങ്കെന്നു എസ്‌ഐടി കണ്ടെത്തല്‍. ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചാണ് എസ്‌ഐടി ഇന്നലെ തന്ത്രിയെ ചോദ്യം ചെയ്തത്. തന്ത്രിയുടെ ഇടപെടലുകള്‍ അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയെ അറിയിച്ചു.

റിമാന്‍ഡിലായ ശേഷം തന്ത്രി കണ്ഠരര് രാജീവരെ ഇന്നലെയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. തന്ത്രിയുടെ അറസ്റ്റിനു ശേഷം ചെങ്ങന്നൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍ ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ഇവയില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം തെളിവുകള്‍ നിരത്തിയായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍. പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണ്ണക്കൊള്ള അറിയാമായിരുന്നുവെന്നു കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*