തെരുവ് കച്ചവടക്കാര്‍ക്ക് സ്വാനിധി ക്രെഡിറ്റ് കാര്‍ഡ് പ്രഖ്യാപിച്ച് മോദി; എങ്ങനെ സ്വന്തമാക്കാം, അറിയാം വിശദമായി

തിരുവന്തപുരം: രാജ്യത്തെ തെരുവ് കച്ചവടക്കാർക്കായി സ്വാനിധി എന്ന പേരിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 2020 ജൂണിൽ ആരംഭിച്ച പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്മനിർഭർ നിധി പദ്ധതിയുടെ പുനഃക്രമീകരിച്ച പതിപ്പിൻ്റെ ഭാഗമായാണ് ഈ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. കൊവിഡ് മഹാമാരി കാരണം തകർന്ന കച്ചവടക്കാർക്ക് വീണ്ടും ബിസിനസ്‌ തുടങ്ങാൻ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്.

യുപിഐ സംവിധാനവുമായി ലിങ്ക് ചെയ്‌ത പലിശ രഹിത ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌തു. കേരളത്തിൽ നിന്നുള്ള കച്ചവടക്കാർ ഉൾപ്പെടെ ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പിഎം സ്വനിധി വായ്‌പകൾ വിതരണം ചെയ്യുന്നതും ഉദ്ഘാടനത്തോടൊപ്പം നടന്നു.

നഗരജീവിതത്തിൽ തെരുവ് കച്ചവടക്കാർ നിർണായക പങ്ക് വഹിക്കുന്നു. താങ്ങാനാവുന്ന വിലയിൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാകണം എന്നാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പലർക്കും ഔപചാരികമായ അംഗീകാരമോ വായ്‌പ ലഭിക്കാനുള്ള സൗകര്യമോ ഇതുവരെ ഉണ്ടായിരുന്നില്ല. ഈ വിടവുകൾ നികത്താനാണ് സ്വാനിധി പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി മുതൽ പണക്കാർക്ക് മാത്രമല്ല, പാവപ്പെട്ടവർക്കും ക്രഡിറ്റ് കാർഡ് ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

എങ്ങനെ സ്വന്തമാക്കാം?

50 ലക്ഷം പുതിയ ഗുണഭോക്താക്കൾ ഉൾപ്പെടെ 1.15 കോടി കച്ചവടക്കാർക്ക് ക്രെഡിറ്റ് കാര്‍ഡിൻ്റെ പ്രയോജനം ലഭിക്കും. ഈ കാർഡ് സ്വന്തമാക്കാൻ പ്രധാനമന്ത്രിയുടെ സ്വാനിധി പദ്ധതി പ്രകാരം അംഗീകരിക്കപ്പെട്ട ഒരു തെരുവ് കച്ചവടക്കാരൻ/കാരി ആയിരിക്കണം. തദ്ദേശ സ്ഥാപനങ്ങളാണ് ഈ അംഗീകാരം നൽകുക. സ്വാനിധി വായ്‌പയെടുത്ത് രണ്ടുതവണ കൃത്യമായി തിരിച്ചടവ് നടത്തിയ ആളായിരിക്കണം എന്നത് നിബന്ധമാണ്. ഇവർക്ക് ബാങ്ക് വഴിയോ ഓൺലൈനായോ ക്രെഡിറ്റ് കാർഡിന് ആവശ്യപ്പെടാം.

ഈ കാര്‍ഡിൻ്റെ പ്രയോജനം എന്ന് പറയുന്നത് കൃത്യമായ തിരിച്ചടവ് നല്‍കുന്നവര്‍ക്കാണ്. സാധാരണ ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് പലിശ കുറവുണ്ടെങ്കിലും സാധാരണ വായ്‌പയെക്കാൾ പലിശ കൂടുതലാണ്. സാധാരണ വായ്‌പകൾക്ക് വർഷത്തിൽ 10 ശതമാനം മുതൽ 18 ശതമാനം വരെയാണ് പലിശ. അതായത് മാസത്തിൽ 0.8% ശതമാനം മുതൽ 1.5% ശതമാനം വരെയാണ്. എന്നാൽ സ്വാനിധി ക്രെഡിറ്റ് കാർഡിൽ ഇത് സാധാരണ വായ്‌പയുടെ പലിശനിരക്കുകളുടെ ഏറ്റവും ഉയർന്ന തട്ടിൽ ആണ് നിൽക്കുന്നത്.

മറ്റുള്ള ക്രെഡിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് സ്വാനിധി ക്രെഡിറ്റ് കാർഡിൻ്റെ പലിശനിരക്ക് വളരെ കുറവാണ്. വായ്‌പാ ഇടപാടുകളില്‍ കൃത്യത പുലർത്തുന്ന കച്ചവടക്കാർക്കാണ് ക്രഡിറ്റ് കാർഡ് ലഭിക്കുക. രണ്ടാം തവണത്തെ വായ്‌പ കൃത്യസമയത്ത് തിരിച്ചടച്ച ഗുണഭോക്താക്കൾക്ക് ഈ കാർഡ് ലഭ്യമാകും. 2025 ഓഗസ്റ്റിലാണ് പദ്ധതിയുടെ പുനഃസംഘടനയ്ക്കും വിപുലീകരണത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. വായ്‌പാ കാലാവധി 2030 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

ലഭ്യമാകുന്ന വായ്‌പ

പുതുക്കിയ വായ്‌പാ ഘടന ആദ്യ ഗഡുവിൽ 15,000 രൂപ വരെയും രണ്ടാമത്തെ ഗഡുവിൽ 25,000 രൂപ വരെയും മൂന്നാമത്തെ ഗഡുവിൽ 50,000 രൂപ വരെയും വായ്‌പ ലഭിക്കുമെന്ന് മോദി പറഞ്ഞു. “ഇപ്പോൾ ദരിദ്രർ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ, പിന്നോക്ക വിഭാഗക്കാർ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരെല്ലാം എളുപ്പത്തിൽ ബാങ്ക് ലോൺ നേടുന്നു. യാതൊരു ഉറപ്പുമില്ലാത്തവർക്ക് സർക്കാർ തന്നെ അവരുടെ ഗ്യാരണ്ടിയാകുന്നു” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷമായി കേന്ദ്രം രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രെഡിറ്റിനു പുറമേ ക്ഷേമ സംരംഭങ്ങൾ, സാമ്പത്തിക സാക്ഷരത, നൈപുണ്യ വികസനം വികസനം എന്നിവയും കാര്‍ഡിലൂടെ ലഭ്യമാകുന്നു. സംസ്ഥാനങ്ങൾ, ബാങ്കുകൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ ഭവന, നഗരകാര്യ മന്ത്രാലയവും ധനകാര്യ സേവന വകുപ്പും സംയുക്തമായാണ് നടപ്പാക്കൽ നടത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*