‘ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരം; അവാർഡ് വന്നത് ശുദ്ധമല്ല’; ജി സുകുമാരൻ നായർ

എൻ.എസ്.എസ്-എസ്.എൻ.ഡി.പി. ഐക്യം പിരിച്ചത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്ഭൂഷൺ അവാർഡ് തന്നെയെന്ന് സ്ഥിരീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമാണ്. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ജി സുകുമാരൻ നായർ വ്യക്തമാക്കി.

ഇതോടൊപ്പം എൻഡിഎ പ്രമുഖനെ ചർച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നി. എസ്എൻഡിപി ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് അവർ ബിജെപിയുമായി ചേർന്നുനടത്തുന്ന നീക്കമായി തോന്നിയതെന്ന് സുകുമാരൻ നായർ പറയുന്നു. എൻഎസ്എസിന് സമദൂരമാമെന്നും അത് തെറ്റിച്ച് പോകില്ലെന്നും അദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌കാരം നൽകിയത് തെറ്റായിപ്പോയി എന്ന് പറയില്ലെന്നും അതിൽ ആക്ഷേപമില്ലെന്നും അദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് ഇനി പുനർവിചന്തനം നടത്തില്ല. എസ്എൻഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാർദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് സമുദായങ്ങൾക്ക് ബാധകമല്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*