തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അതിന്റെ പാരമ്യത്തിലെത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അതുകൊണ്ട് തന്നെയാണ് സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റു കിടക്കും ട്രഷറി അടച്ചിടും ശമ്പളം മുടങ്ങും തുടങ്ങിയ പരിഹാസ പ്രവചനങ്ങള്‍ ഉണ്ടായത്. അത്തരം അപകടം ഒന്നും സംഭവിക്കാത്തത് കണ്ടിട്ടാണ് വികസന-ക്ഷേമ ചെലവുകള്‍ വെട്ടിക്കുറച്ച് കൊണ്ടും അമിതമായി കടം വാങ്ങിയുമാണ് കേരളം പിടിച്ചുനിന്നത് എന്ന ആരോപണം വന്നത്. പക്ഷേ ഇപ്പോള്‍ ഈ രണ്ടുവാദങ്ങളും ആരും ഉന്നയിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ കടം ദുര്‍വഹമല്ല എന്ന കാര്യം ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്. കേരളം കടം കയറി നശിച്ചു എന്ന പ്രചരണം വെളിവുള്ള ആരും ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സര്‍ക്കാരിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവും എന്ന് തുടക്കത്തിലെ കണക്കുകൂട്ടിയിരുന്നു. നമ്മളൊക്കെ അരിയാഹാരമല്ലേ കഴിക്കുന്നത്. അതുകൊണ്ട് അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ചെലവുകള്‍ ക്രമീകരിച്ചും തനതുവരുമാനം വര്‍ധിപ്പിച്ചും പ്രതിരോധ കോട്ട കെട്ടുകയാണ് ചെയ്തത്. സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ സഭയെ അറിയിക്കട്ടെ. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തില്‍ ഏകദേശം 1,27,747 കോടി രൂപയുടെ അധിക വരുമാനമാണ് തനത് നികുതി വരുമാനത്തിലൂടെ ലഭിച്ചതെന്നും ബാലഗോപാല്‍ അറിയിച്ചു.
ഇത് മൊത്തം തനതുനികുതി വരുമാനത്തിന്റെ കണക്കല്ല. തനത് നികുതി വരുമാനത്തില്‍ 1,27,747 കോടി രൂപ അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞു എന്നാണ് അര്‍ത്ഥമാക്കുന്നത്. 2025-26 ധനവര്‍ഷത്തെ കണക്കുകള്‍ അന്തിമമാകുമ്പോള്‍ ഇത് ഇനിയും ഉയരും. മുന്‍ സര്‍ക്കാരിന്റെ കാലത്തെ (2016-17 മുതല്‍ 2020-21) ശരാശരി പ്രതിവര്‍ഷ തനത് നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. ഈ സര്‍ക്കാരിന്റെ ശരാശരി പ്രതിവര്‍ഷ തനത് നികുതി വരുമാനം 73,002 കോടി രൂപയാണ്. 2025-26ലെ തനത് നികുതി വരുമാനമായി റിപ്പോര്‍ട്ട് ചെയ്യുന്നത് 83,731 കോടി രൂപയാണ്. നികുതിയേതര വരുമാനമായി 24,898 കോടി രൂപ അധികമായി പിരിച്ചെടുക്കാനും സാധിച്ചു. തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി 1,52,645 കോടിയിലേറെ രൂപയാണ് പിരിച്ചെടുത്തത്. ഇതാണ് കടുത്ത കേന്ദ്ര അവഗണനയ്ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ കേരളത്തെ സഹായിച്ചത്. അതായിരുന്നു ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡെന്നും ധനമന്ത്രി വ്യക്തമാക്കി.



Be the first to comment