‘നമ്മള്‍ പിന്നോട്ട് പോവുകയാണോ?’ യുജിസിയുടെ തുല്യതാ ചട്ടങ്ങൾക്ക് സ്റ്റേ; അവ്യക്തമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: യുജിസി റെഗുലേഷന്‍ പ്രമോഷന്‍ ഓഫ് ഇക്വിറ്റി 2026 സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം തടയുന്നതിനായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുറത്തിറക്കിയ പുതിയ ജാതിവിവേചന വിരുദ്ധ ചട്ടങ്ങളില്‍ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കൊപ്പം മറ്റ് പിന്നാക്ക വിഭാഗങ്ങളെയും വിവേചനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതായിരുന്നു യുജിസിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍. യുജിസി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി.

യുജിസി തുല്യതാ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും, ഇക്കാര്യം വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, യുജിസി എന്നിവയ്ക്കു സുപ്രീം കോടതി നോട്ടീസ് നല്‍കി. മാര്‍ച്ച് 19 നകം വിശദീകരണം നല്‍കണമെന്നും, അതുവരെ 2012ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുല്യത പ്രോത്സാഹിപ്പിക്കാനുള്ള നിലവിലുള്ള ചട്ടങ്ങള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.

വ്യത്യസ്ത ജാതികള്‍ക്കായി പ്രത്യേക ഹോസ്റ്റലുകള്‍ പരിഗണിക്കുന്ന പുതിയ ചട്ടങ്ങളിലെ വ്യവസ്ഥകളില്‍ സുപ്രീം കോടതി ആശങ്ക പ്രകടപ്പിക്കുകയും ചെയ്തു. ജാതിരഹിത സമൂഹം കൈവരിക്കുന്നതില്‍ രാജ്യം നേടിയ മുന്നേറ്റങ്ങളില്‍ നിന്നും ഇപ്പോള്‍ പിന്നോട്ട് പോവുകയാണോ എന്നായിരുന്നു കോടതി ഉയര്‍ത്തിയ ചോദ്യം. ജാതി തിരിച്ചുള്ള ഹോസ്റ്റലുകള്‍ ആവശ്യമില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. നാമെല്ലാവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവര്‍ വിവാഹം ചെയ്യുന്നുണ്ടെന്നും കോടതി സൂചിപ്പിച്ചു. ദക്ഷിണേന്ത്യയില്‍നിന്നോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ വരുന്ന വിദ്യാര്‍ഥികള്‍ അവരുടെ സംസ്‌കാരം പിന്തുടരുമ്പോള്‍, അതിനെ പരിഹസിക്കുന്നത് അങ്ങേയറ്റം മോശമായ പ്രവണതയാണെന്നുംകോടതി വ്യക്തമാക്കി.

ജനുവരി 13-നാണ് ‘പ്രമോഷന്‍ ഓഫ് ഇക്വിറ്റി ഇന്‍ ഹയര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്’ എന്ന പേരില്‍ യുജിസി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ദലിത് വിദ്യാര്‍ഥികളായ രോഹിത് വെമുലയുടെയും പായല്‍ താദ്വിയുടെയും അമ്മമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഈ ചട്ടങ്ങള്‍ രൂപീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*