സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ദന്തചികിത്സാ രംഗത്ത് സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍. സ്വദേശി ജീവനക്കാരുടെ അനുപാതം 55 ശതമാനമായി ഉയര്‍ത്തി മന്ത്രാലയം ഉത്തരവിറക്കി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമായിരിക്കും.
സൗദി ആരോഗ്യ മേഖലയിലെ തൊഴില്‍രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദന്തചികിത്സാ രംഗത്തെ സ്വദേശിവല്‍ക്കരണ പരിധി 55 ശതമാനമായി നിശ്ചയിച്ചതോടെ സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും കൂടുതല്‍ സ്വദേശി ഡോക്ടര്‍മാര്‍ക്ക് അവസരം ലഭിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും.
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നിയമിക്കപ്പെടുന്ന സൗദി ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം കുറഞ്ഞത് ഒന്‍പതിനായിരം റിയാല്‍ ശമ്പളം ഉറപ്പാക്കണമെന്ന് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. കൂടാതെ, ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസിന്റെ അംഗീകൃത പ്രൊഫഷണല്‍ ലൈസന്‍സ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. അതേസമയം, സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്മെന്റ് ഫണ്ട് വഴി വിവിധ ആനുകൂല്യങ്ങളും പരിശീലന സഹായങ്ങളും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്.



Be the first to comment