ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളി എത്തിച്ചതിന്റേയും പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളിയായതിന്റേയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. 2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വര്‍ണപ്പാളി പണി പൂര്‍ത്തിയായ ശേഷം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ ചെയ്യുകയായിരുന്നു. സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന കട്ടിളപ്പാളികളുടെ പൂജാ ചടങ്ങിലും ജയറാം പങ്കെടുത്തിരുന്നു.
ഒരു അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വര്‍ണപ്പാളികളുടെ പൂജാ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ജയറാം അന്വേഷണസംഘത്തോട് വിശദീകരിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനാണെന്ന് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ലെന്നും ജയറാം പറഞ്ഞു. ശബരിമലയിലെ ഒരാള്‍ എന്ന നിലയില്‍ മാത്രമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയം. മറ്റ് യാതൊരു ബന്ധമോ സൗഹൃദമോ ഇല്ലെന്നും ജയറാം എസ്‌ഐടിയോട് വ്യക്തമാക്കിയതായാണ് വിവരം.



Be the first to comment