തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ ക്രിക്കറ്റ് ലഹരിയിലാഴ്ത്തി ഇന്ത്യ-ന്യൂസിലാൻഡ് ടീമുകൾ തലസ്ഥാനത്ത്. ഇന്ത്യൻ താരങ്ങൾ ഇന്ന് രാവിലെ ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയമായ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ താരങ്ങൾ രാവിലെ ഒൻപത് മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ് അടക്കം താരങ്ങളാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
ഏകദേശം അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ച ടീം അംഗങ്ങൾ ദർശനം പൂർത്തിയാക്കി പ്രസാദവും സ്വീകരിച്ചാണ് മടങ്ങിയത്. താരങ്ങളെ കാണാനായി ക്ഷേത്ര പരിസരത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നെങ്കിലും കനത്ത സുരക്ഷാ വലയത്തിലാണ് പൊലീസ് ഇവരെ ഹോട്ടലിലേക്ക് തിരികെ എത്തിച്ചത്.
കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന അവസാന മത്സരത്തിനായി ഇന്നലെയാണ് ഇരു ടീമുകളും നഗരത്തിലെത്തിയത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിലെത്തിയ താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ആവേശപൂർവ്വം സ്വീകരിച്ചു.
പ്രിയ താരങ്ങളെ, പ്രത്യേകിച്ച് മലയാളി താരം സഞ്ജു സാംസണിനെ ഒരുനോക്ക് കാണാൻ ആരാധകർ വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസിലും ന്യൂസിലാൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ക്ഷേത്ര ദർശനത്തിന് ശേഷം ഇന്ന് ഉച്ചയോടെ ടീമുകൾ പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങും. ഉച്ചയ്ക്ക് 1:30 മുതൽ 4:30 വരെ ന്യൂസിലാൻഡ് ടീമും, വൈകിട്ട് 4:30 മുതൽ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. പിച്ചിന്‍റെ സ്വഭാവം വിലയിരുത്താനും നഗരത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുമുള്ള സെഷനുകളാകും ഇന്ന് നടക്കുക. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും സിറ്റി പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണമടക്കമുള്ള മുൻകരുതലുകൾ നേരത്തെ തന്നെ നഗരത്തിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
അതേസമയം, ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ നാലാം ടി20യിലും നിറം മങ്ങിയിരുന്നു. മികച്ച തുടക്കമാണ് സാംസൺ നേടിയതെങ്കിലും 15 പന്തിൽ നിന്ന് 24 റൺസ് നേടിയ താരത്തെ 6.4 ഓവറില്‍ മിച്ചല്‍ സാന്‍റ്‌നര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമാണ് സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി 40 റൺസ് മാത്രമാണ് താരം നേടിയത്. മൂന്നാം സ്ഥാനത്ത് ഇഷാൻ കിഷൻ മികച്ച പ്രകടനം കാഴ്‌ചവച്ചതോടെ ടി20 ലോകകപ്പ് ടീമിൽ സാംസണിന്‍റെ സ്ഥാനം സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. അതിനാല്‍, സ്വദേശത്ത് നടക്കുന്ന മത്സരം സഞ്ജുവിന് സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
അതേസമയം സഞ്ജുവിന്‍റെ ബാറ്റിംഗില്‍ സാങ്കേതിക പിഴവുണ്ടെന്നു കമന്‍റേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി. സഞ്ജുവിന്‍റെ ഫൂട്ട് വർക്കിലെ പാളിച്ചകളാണ് വിക്കറ്റ് നഷ്ടപ്പെടുത്താൻ കാരണമായെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. ‘കാലുകൾക്ക് ഒരു ചലനവും ഉണ്ടായിരുന്നില്ല, ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഓഫ് സൈഡിൽ സ്പേസ് ഉണ്ടാക്കി കളിക്കാൻ ശ്രമിക്കുമ്പോൾ സഞ്ജു തന്‍റെ മൂന്ന് സ്റ്റംപുകളും ബൗളർക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. ഈ പരമ്പരയിൽ ഇത് രണ്ടാം തവണയാണ് സഞ്ജു സമാനമായ രീതിയിൽ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതെന്നും, ഗവാസ്‌കർ കമന്‍ററിയില്‍ പറഞ്ഞു.



Be the first to comment