വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്ന് പറഞ്ഞതിനോട് പരിഹാസരൂപേണ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്ന് പറഞ്ഞതിനോട് പരിഹാസരൂപേണ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ശിവൻകുട്ടി തന്നെക്കാൾ വളരെ വലിയ ആളാണെന്നും അദ്ദേഹത്തിന് വളരെയധികം സംസ്കാരവും നിലവാരവും ഉണ്ടെന്നും അതിൽ തനിക്ക് യാതൊരു തർക്കവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു. താൻ അദ്ദേഹത്തേക്കാൾ നിലവാരം കുറഞ്ഞ ഒരാളാണെന്ന് സമ്മതിക്കുന്നുവെന്നും അതിനാൽ തർക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയേക്കാൾ നിലവാരം കുറഞ്ഞയാളാണെന്ന് സമ്മതിക്കുന്നതായും അക്കാര്യം പറഞ്ഞുകൊണ്ട് തന്നെ വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു. താൻ അദ്ദേഹത്തേക്കാൾ നിലവാരം കുറഞ്ഞ ആളായതുകൊണ്ട് തർക്കിക്കാനോ വഴക്കിടാനോ ഇല്ല. നെഗറ്റീവ് വാർത്തകളാണെങ്കിലും തന്നെക്കുറിച്ച് മാത്രമാണ് കാണുന്നതെന്നും തനിക്കെതിരെ വലിയ ദുഷ്പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ‘തോട്ടിയിട്ട്’ പിടിക്കാൻ നോക്കുകയാണെന്നും എന്നാൽ അതിലൊന്നും താൻ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൻ്റെ ‘ചങ്ക്’ തുളച്ചു കയറുന്ന ചില രാഷ്ട്രീയ വിഷയങ്ങൾ തങ്ങൾക്കുണ്ട്. ആ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ആരും ശ്രമിക്കേണ്ടതില്ല.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച കുറ്റപത്രമായിരുന്നു അവിടുത്തെ അജണ്ട. സമാനമായി ഈ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളായിരിക്കും പ്രധാന രാഷ്ട്രീയ അജണ്ട. ജനങ്ങൾ അതാണ് ചർച്ച ചെയ്യാൻ പോകുന്നത്. ഇതിൽ നിന്ന് ചർച്ച വഴിമാറ്റാനാണ് തോണ്ടലും പിച്ചലും വലിക്കലും പോലുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും അതിലൊന്നും തങ്ങൾ വീഴില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേമത്ത് മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ചുകൊണ്ടാണ്, തന്നെ തോട്ടിയിട്ട് പിടിക്കാൻ നോക്കണ്ടെന്നും യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും അദ്ദേഹം ആവർത്തിച്ചത്. തനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്ന മന്ത്രിയുടെ പരാമർശത്തെ മുൻനിർത്തിയായിരുന്നു സതീശൻ്റെ ഈ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*