നീലഗിരി താറിനെ കാണാന്‍ കാത്തിരിക്കേണം; രാജമലയിലിത് പ്രജനനകാലം, ഉദ്യാനം 2 മാസത്തേക്ക് അടച്ചു

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാജമല ഫെബ്രുവരി 1 മുതല്‍ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം മുന്‍നിര്‍ത്തിയാണ് നടപടി. ഇക്കാലയളവില്‍ ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. രണ്ട് മാസത്തേക്ക് അടച്ചിടുന്ന രാജമല ഏപ്രില്‍ ഒന്നിന് വീണ്ടും തുറക്കും.

വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്. പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി വരുന്നത്. സുഖപ്രസവവും കുട്ടികളുടെ സംരക്ഷണവും ലക്ഷ്യം വച്ചാണ് ഉദ്യാനം അടച്ചിടുന്നത്. ഉദ്യാനം തുറന്നതിന് പിന്നാലെ ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പും ആരംഭിക്കും. അതിര്‍ത്തി മേഖല കൂടിയായതിനാല്‍ കേരളവും തമിഴ്‌നാടും സംയുക്തമായിട്ടാകും കണക്കെടുപ്പ് നടത്തുക.

രണ്ടാഴ്‌ച മുമ്പ് രാജമലയില്‍ പുതിയ വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളെ വന്യമൃഗങ്ങള്‍ അക്രമിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും വനം വന്യജീവി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 2025ല്‍ നടത്തിയ കണക്കെടുപ്പില്‍ 830 വരയാടുകളെയാണ് രാജമലയില്‍ കണ്ടെത്തിയത്.

ഇതില്‍ 144 എണ്ണം കുഞ്ഞുങ്ങളാണ്. വരയാടുകളെയും കുഞ്ഞുങ്ങളെയും തൊട്ടടുത്ത് കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക ആവാസ കേന്ദ്രമാണ് രാജമല. മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെ, സമുദ്ര നിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ 97 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് രാജമല സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെത്തുന്ന മിക്ക സഞ്ചാരികളും രാജമലയിലും സന്ദര്‍ശനം നടത്താറുണ്ട്.

വരയാടുകളുടെ സംരക്ഷണം: മൂന്നാറിന് അടുത്തുള്ള ഇരവികുളം വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ്. ഇവിടെ തന്നെ പന്തുമല, ചിന്നപ്പന്തുമല, രാജമല എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. രാജ്യത്ത് വംശനാശം സംഭവിക്കുന്ന ഇനങ്ങളില്‍ മുന്‍നിരയിലുള്ളതാണ് വരയാടുകള്‍. ഇവയെ ഹിമാലയന്‍ താറായും താറിന്‍റെ ഉപവംശമായും കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ശാസ്‌ത്രനാമത്തിലും അഭിപ്രായ വ്യത്യസങ്ങളുണ്ട്.

സാധാരണ ആടുകളുമായി ഇവയ്‌ക്ക് രൂപ സാദൃശ്യമുണ്ട്. എന്നാല്‍ ഇവയില്‍ ആണ്‍ ആടുകള്‍ക്കായിരിക്കും വലിപ്പം കൂടുതല്‍. തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ഇവയ്ക്ക് നല്ലത്.

ഉയർന്ന പാറകൾ ഉള്ള മലകളാൽ ചുറ്റപ്പെട്ട പുൽമേടുകളിലാണ് വരയാടുകൾ കൂടുതലായും കാണപ്പെടുന്നത്‌. വർഷം തോറും 1500 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്ന ഇവിടങ്ങൾ വരണ്ട കാലാവസ്ഥയുള്ളതുമാകും. പശ്ചിമഘട്ടത്തിൽ നീലഗിരി കുന്നുകൾക്കും കന്യാകുമാരി കുന്നുകൾക്കും ഇടയിൽ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകൾ അധിവസിക്കുന്ന ആറ് മേഖലകൾ.

Be the first to comment

Leave a Reply

Your email address will not be published.


*