ചന്ദ്രാ കൊടുങ്കാറ്റിന്റെ പ്രഭാവം ഇംഗ്ലണ്ടിലെ വിവിധ മേഖലകളില്‍ കനത്ത നാശം വിതയ്ക്കുന്നത് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏകദേശം 150 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് രാജ്യത്ത് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കം റോഡുകളുടെയും, വീടുകളെയും, ബിസിനസ്സുകളെയും ബാധിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ നല്‍കിയിട്ടുള്ള മഴ മുന്നറിയിപ്പ് കോണ്‍വാള്‍, ഡിവോണ്‍, പ്ലൈമൗത്ത്, സോമര്‍സെറ്റ്, ടോര്‍ബെ എന്നിവിടങ്ങളിലാണ് പ്രാബല്യത്തിലുള്ളത്.
ശക്തമായ മഴ പവര്‍കട്ടിനും, യാത്രാ തടസ്സങ്ങള്‍ക്കും, കൂടുതല്‍ വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. കൊടുങ്കാറ്റിന്റെ ഫലമായി സോമര്‍സെറ്റിനും, ഡോര്‍സെറ്റിലും നിരവധി പ്രോപ്പര്‍ട്ടികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടതായി എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കി.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും വെള്ളിയാഴ്ച ഉടനീളം മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നിലവിലുണ്ട്. വെള്ളിയാഴ്ച രാവിലെ കോണ്‍വാളില്‍ ശക്തമായ മഴ എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് പറയുന്നു.
ഡിവോണിലെയും, കോണ്‍വാളിലെയും തീരമേഖലകളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍എന്‍എല്‍ഐ മുന്നറിയിപ്പ് വ്യക്തമാക്കി. 4.6 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കാണ് സാധ്യത.



Be the first to comment