ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവിരുദ്ധ പ്രവർത്തനം ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവിരുദ്ധ പ്രവർത്തനം ശക്തമാക്കി സൈന്യം. പ്രദേശത്ത് ഇൻ്റർനെറ്റ് സേവനങ്ങളും താത്‌കാലികമായി നിർത്തിവച്ചു. മേഖലകളിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്തിനെ തുടർന്നാണ് പ്രദേശത്ത് ഭീകരവിരുദ്ധ പ്രവർത്തനം ശക്തമാക്കിയതെന്ന് അധികൃതർ പറഞ്ഞു.

സിങ്പോര, ചിങ്ങം, ചത്രൂ എന്നീ മേഖലകളിലെ ആറ് കിലോമീറ്റർ ചുറ്റളവിലാണ് ഇൻ്റർനെറ്റ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചിരിക്കുന്നത്. ജനുവരി 30 രാത്രി 11.59 വരെയാണ് ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതെന്ന് ജമ്മു കശ്‌മീർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ജനുവരി 23 മുതലാണ് ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. രാജ്യദ്രോഹികൾ മൊബൈൽ ഡാറ്റ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ആ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം പൂഞ്ച് ജില്ലയിലെ സുരൻകോട്ട് പ്രദേശത്തെ പജ്ജ മോർ, നബാന ടോപ്പ് എന്നിവിടങ്ങളിൽ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വിവരത്തെത്തുടർന്ന് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വ്യക്തികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഓപ്പറേഷൻ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ജനുവരി 18 മുതലാണ് പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചത്. കിഷ്‌ത്വാറിൽ ഉണ്ടായ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ഏഴ് സൈനികർക്ക് പരിക്കേൽക്കുയും ചെയ്‌തിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്ന ഭീകരർ തെരച്ചിൽ സംഘത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്‌തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് അതിർത്തിയിൽ സൈന്യം നടത്തിയ തെരച്ചിലിലും ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സൈന്യം പ്രദേശം വളഞ്ഞത്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും അക്രമങ്ങളും തടയാൻ സൈന്യം ഏർപ്പെടുത്തിയ ശക്തമായ നിരീക്ഷണമാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിച്ചത്. ഭീകരർക്ക് പ്രദേശം വിട്ടു പുറത്ത് പോകാൻ കഴിയാത്ത രീതിയിൽ എല്ലാ വഴികളും അടച്ചുള്ള പരിശോധനയാണ് സൈന്യം നടത്തുന്നത്.

ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ സൈന്യം പുറത്ത് വിട്ടിട്ടില്ല. സൈനിക നടപടികൾ പൂർത്തിയായ ശേഷം മാത്രമേ ഭീകരരെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതെതുടർന്നാണ് മേഖലകളിൽ സൈന്യം പരിശോധന ശക്തമാക്കിയിരിക്കുന്നത്. നിലവിൽ സൈന്യത്തിൻ്റെ പാരാ സ്‌പെഷ്യൽ ഫോഴ്‌സിലെ സൈനികരാണ് മേഖലയിൽ ഊർജ്ജിതമായ തെരച്ചിൽ നടത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*