കണ്ണൂര്: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ സി.പി.എം നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സി.പി.എം നേതാക്കൾ മാറിയെന്നാണ് പുസ്തകത്തിൽ പറയുന്നത്.
തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റെതെന്നും പുസ്തകത്തിലുണ്ട്. അടുത്ത ബുധനാഴ്ചയാണ് പുസ്തക പ്രകാശനം.
അതിനിടെ പുസ്തക പ്രകാശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകി. പുസ്തക പ്രകാശനത്തിന് വേണ്ടിയുള്ള സുരക്ഷ മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും, തന്റെ വീടിനോ സ്വകാര്യ ജീവനോ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ ഇ ടിവിയോട് പറഞ്ഞു. അടുത്ത ബുധനാഴ്ച പയ്യന്നൂർ ഗാന്ധി പാർക്കിലാണ് ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് പുസ്തകത്തിലുള്ള പ്രധാന കാര്യങ്ങൾ. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്. സി.പി.എമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയായി സി.പി.എം മാറി. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു.
16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എം.എൽ.എയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എതിർക്കുന്നവരോട് മരണം വരെ പക വെച്ചുപുലർത്തുന്ന ആളാണ് എം.എ.ൽ.എ എന്നും പറയുന്നു. പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കിൽ ടി.ഐ. മധുസൂദനൻ ആദ്യം നന്നാവണം. ആശ്രിതരെ സൃഷ്ടിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ് മധുസൂദനന്റെത്.
താനാണ് പാർട്ടി, താൻ പറയുന്നതേ നടപ്പാവൂ എന്നതാണ് രീതി. അപമാനിക്കപ്പെട്ടിട്ടും ഒന്നിച്ചുപോകാൻ ശ്രമിച്ചിട്ടും പയ്യന്നൂരിലെ വിഭാഗീയതയുടെ അടിസ്ഥാന കാരണം മനസ്സിലാക്കാൻ പാർട്ടി ജില്ലാ നേതൃത്വം തയ്യാറായില്ല. പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സഖാക്കൾക്കാണെന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. അത് ആത്മാർഥമാണെന്ന് കരുതിയാണ് തെറ്റുകൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്നാണ് അനുഭവങ്ങൾ പഠിപ്പിച്ചതെന്ന് വി. കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ‘പാർട്ടി പ്രവർത്തനത്തിന്റെ അന്ത്യം’ എന്ന തലക്കെട്ടോടെയാണ് അധ്യായം തീരുന്നത്.
പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുൻപിൽ പുസ്തകം സമർപ്പിക്കുന്നു എന്നാണ് അവസാനം കുറിച്ചിരിക്കുന്നത്.
പ്രതിഷേധം തുടർന്ന് പ്രതിപക്ഷ സംഘടനകൾ
എം.എൽ.എയുടെ അഴിമതിക്കെതിരെയും സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെയും ഡി.സി.സിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സജീവ് ജോസഫ് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു.



Be the first to comment