രമ്യ ഹരിദാസിന് ദേശീയ തലത്തില്‍ പുതിയ ചുമതല; യൂത്ത് കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം

പാലക്കാട്: മുന്‍ ആലത്തൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ഉത്തരവാദിത്തം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി അംഗമായാണ് രമ്യയെ നിയമിച്ചത്. ദേശീയ അധ്യക്ഷന്‍ നേരിട്ട് ഫോണില്‍ വിളിച്ചാണ് നിയമന വിവരം അറിയിച്ചതെന്ന് രമ്യ ഹരിദാസ് തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി

തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണമായ പ്രസ്ഥാനം ഏല്‍പ്പിച്ച ഈ പുതിയ ദൗത്യം ഏറെ അഭിമാനത്തോടെയും ഉത്തരവാദിത്തത്തോടെയും ഏറ്റെടുക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു. കോഴിക്കോട്ടെ ഒരു സാധാരണ ഗ്രാമത്തില്‍ പിന്നോക്ക വിഭാഗത്തില്‍ ജനിച്ച്, കെഎസ്‌യു കാലഘട്ടം മുതല്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടാണ് രമ്യ ഹരിദാസ് പൊതുരംഗത്ത് ശ്രദ്ധേയയായത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നേരിട്ട് ലോക്‌സഭയിലേക്ക് എത്തിയ രമ്യയുടെ വളര്‍ച്ച കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. കെഎസ്‌യു കാലഘട്ടം മുതല്‍ തന്നെ പിന്തുണച്ച നേതാക്കളോടും സഹപ്രവര്‍ത്തകരോടും തന്നെ ചേര്‍ത്തുനിര്‍ത്തിയ ജനങ്ങളോടും താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ദേശീയ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുള്ള രമ്യയ്ക്ക്, സംഘടനാപരമായ അച്ചടക്കം കാത്തുസൂക്ഷിക്കേണ്ട നിര്‍ണായകമായ സമിതിയിലേക്കാണ് ഇപ്പോള്‍ നിയമനം ലഭിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*