പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്‌യുടെ ആത്മഹത്യ വ്യവസായ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു സിജെ റോയ് സ്വയം വെടിയുതിർത്തു മരിച്ചത്. ഓഫീസിനകത്ത് വെച്ച് സ്വന്തം തൊക്ക് ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും വിദ്യാഭ്യാസം നേടിയ അദേഹം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. സ്ലോവാക്ക് റിപ്പബ്ലിക്കിന്റെ കർണാടകയിലെയും കേരളത്തിലെയും ഓണററി കോൺസൽ ആയും സേവനമനുഷ്ഠിച്ചു.
ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ചയായിരുന്നു സിജെ റോയിയുടേത്. കമ്പനിയുടെ പ്രത്യേകതകളിൽ ഒന്ന് ‘സീറോ ഡെബ്റ്റ്’ മോഡൽ ആയിരുന്നു – കടമെടുക്കാതെ പ്രോജക്ടുകൾ പൂർത്തിയാക്കുന്നത്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റർടെയിൻമെന്റ്, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ കോൺഫിഡന്റ് വ്യാപിച്ച് കടക്കുന്നു. ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്. ഏതാണ്ട് 165 പ്രോജക്ടുകളാണ് റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുള്ളത്. 15,000-ത്തിലധികം ഉപഭോക്താക്കളുണ്ട്.
കേരളം, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിൽ നിരവധി പ്രോജക്ടുകൾ പൂർത്തിയാക്കിയ അദ്ദേഹം, ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളാണ്. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്. ലക്ഷ്വറി കാർ പ്രേമിയായിരുന്ന അദ്ദേഹം 12 റോൾസ് റോയ്സ് കാറുകൾ ഉൾപ്പെടെ ലക്ഷ്വറി വാഹനങ്ങളുടെ ശേഖരം ഉണ്ടായിരുന്നു. ആദ്യവാഹനമായ മാരുതി 800 പത്ത് ലക്ഷം രൂപയ്ക്ക് വീണ്ടെടുത്തത് വാർത്തകളിൽ ഇടംനേടി.
റിയൽ എസ്റ്റേറ്റിന് പുറമെ, മലയാള സിനിമയിലും സജീവമായിരുന്നു. മലയാളത്തിലും കന്നഡയിലുമായി 11 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കാസനോവ, മരയ്ക്കാർ, മേ ഹൂം മൂസ, ഐഡന്റിറ്റി തുടങ്ങിയ സിനിമകൾ നിർമിച്ചു. ടോപ് സിംഗർ ഉൾപ്പെടെ നിരവധി ടെലിവിഷൻ പരിപാടികളിൽ വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.
കൊച്ചിയിലായിരുന്നു ജനനം. കോളജ് വിദ്യഭ്യാസത്തിന് ശേഷം സ്വിറ്റ്സർലൻഡിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. ലിനിയാണ് ഭാര്യ. രോഹിതും റിയയും മക്കൾ.



Be the first to comment