റോയ്‌യുടെ നഷ്ടം ആഴത്തില്‍ വേദനിപ്പിക്കുന്നു,ഒരു സുഹൃത്തിനുമപ്പുറം ബന്ധമുണ്ടായിരുന്നയാള്‍: മോഹന്‍ലാല്‍

പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയതില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. റോയ്‌യോട് ഒരു സുഹൃത്തിനും അപ്പുറമുള്ള ആത്മബന്ധമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയ സുഹൃത്ത് റോയ്‌യുടെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ആഴത്തില്‍ വേദനയുണ്ടാക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. റോയ് എന്നും സ്‌നേഹത്തോടെ ഓര്‍മിക്കപ്പെടുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് ബെംഗളൂരുവിലാണ് റോയ്‌യുടെ സംസ്‌കാരം നടക്കുക. വിദേശത്തുനിന്ന് റോയ്‌യുടെ കുടുംബം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

റോയ്‌യുടെ മരണത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്‌യുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

അതേസമയം ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി റോയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*