കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാൻ ചില കുക്കുമ്പർ ടെക്നിക്സ്

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾ അല്ലെങ്കിൽ കണ്ണിന് താഴത്തെ കറുപ്പ്, പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. കുക്കുമ്പർ കനം കുറഞ്ഞ് വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളിൽ വെയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള വീക്കവും ഡാർക്ക് സർക്കിളും കുറയ്ക്കാൻ സഹായിക്കും.

കുക്കുമ്പറിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി, കെ പോലുള്ള പോഷകങ്ങൾ ചർമത്തിന് നിറം നൽകാനും ഓക്സീകരണ സമ്മർദം കുറക്കാനും സഹായിക്കുന്നു. കുക്കുമ്പറിൽ 96 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് ചുറ്റുമുള്ള അതിലോലമായ ചർമത്തിന് ഈർപ്പം നൽകാനും നേർത്ത വരകൾ കുറക്കാനും സഹായിക്കും. ഇത് കണ്ണിന് വിശ്രമം നൽകാനും ക്ഷീണം അകറ്റാനും സഹായിക്കും. കുക്കുമ്പറിന്റെ കഷ്ണങ്ങൾ തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ​

കുക്കുമ്പർ പതിവായി ഉപയോഗിക്കുന്നത് ചർമത്തിന്‍റെ ആരോഗ്യം വർധിപ്പിക്കാൻ വളരെയധികം സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്തുകയും വരണ്ടുപോകാതെ തടയുകയും ചെയ്യുന്നു. ചൂടുമൂലമുള്ള ചുവപ്പ്, എരിച്ചിൽ, വീക്കം എന്നിവ കുറക്കാനും വെള്ളരിക്ക നല്ലതാണ്. കുക്കുമ്പറിലടങ്ങിയ ഹൈഡ്രേറ്റിങ് ​ഗുണങ്ങൾ ചർമത്തിലെ വാർധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. കുക്കുമ്പർ നീര് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിന് ശേഷം കഴുകുന്നത് ചർമത്തിലെ അഴുക്ക് നീക്കി, ചർമം തിളങ്ങാൻ സഹായിക്കും.

കുക്കുമ്പർ ഫേയ്സ് പാക്ക്

വെള്ളരി തൊലി കളഞ്ഞ് ഉടച്ചെടുത്ത് അതിലേക്ക് അൽപ്പം തേൻ, കറ്റാർവാഴ അല്ലെങ്കിൽ തൈര് ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 10 മുതൽ 15 മിനിറ്റു വരെ ഈ പാക്ക് മുഖത്ത് വെക്കാവുന്നതാണ്. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ചർമ സുഷിരങ്ങൾ ശക്തമാക്കുന്നതിനും അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യുന്നതിനും ആ പാക്ക് നല്ലതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*