അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. രാവിലെ, 9.30ന് മലപ്പുറം പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇ. ശ്രീധരൻ വ്യക്തമാക്കി. ഡിപിആറിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം, പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ യോഗങ്ങളും നടത്തും.
‘ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പൊന്നാനി ഓഫീസ്’ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചു. വീടിനോട് ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുക. കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമില്ലാത്തത് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അദേഹം പറയുന്നത്. ഓഫീസ് പ്രവർത്തനത്തിനായി റെയിൽവേയിൽ നിന്ന് വിരമിച്ച 12 ഓളം ജീവനക്കാരെ തിരഞ്ഞെടുത്തതായി അദേഹം അറിയിച്ചിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിദേശത്താണ്. അദേഹം മടങ്ങിയെത്തിയ ശേഷം ഡിപിആർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കും. എന്നാൽ ഡിപിആർ തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇ ശ്രീധരൻ.
ഒരാഴ്ചയ്ക്കുള്ളിൽ ഡിപിആർ തയാറാക്കാനായി ഡിഎംആർസിയെ സമീപിക്കുമെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇ ശ്രീധരൻ പറഞ്ഞു. ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസി തന്നെ ചുമതലപ്പെടുത്തിയെന്ന ഇ.ശ്രീധരന്റെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് അതിവേഗ റെയിലിനെ പറ്റിയുള്ള ചർച്ച കേരളത്തിൽ വീണ്ടും സജീവമായത്. ഇ.ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആർആർടിഎസിന് തത്വത്തിൽ അംഗീകാരം നൽകി സംസ്ഥാന സർക്കാർ മറ്റൊരു ആശയവും മുന്നോട്ട് വെച്ചിരുന്നു.



Be the first to comment