ന്യൂഡൽഹി: വേനൽക്കാലത്തിൻ്റെ വരവോടെ അമീബ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (എൻസിഡിസി). കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വര കേസുകളും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് എൻസിഡിസിയുടെ ജാഗ്രതാ നിർദേശം സംസ്ഥാനത്തിന് നൽകിയത്.
കഴിഞ്ഞ ആഴ്ച കേരളത്തിന് അയച്ച ജാഗ്രത നിർദേശത്തിൽ, കർശനമായി ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഇനിയും കേസുകൾ വർധിക്കാമെന്ന് എൻസിഡിസി മുന്നറിപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, തലച്ചോറിനെ കാർന്നു തിന്നുന്ന അമീബ അണുബാധ എന്നറിയപ്പെടുന്ന അമീബ മെനിംഗോഎൻസെഫലൈറ്റിസ് മൂലം 2025ൽ കേരളത്തിൽ 170 കേസുകളും 42 മരണങ്ങളും റിപ്പോർട്ട് ചെയ്യാനിടയായി.
ഈ കണക്കുകൾ മുൻനിർത്തി ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ വേണ്ടത്ര തയാറെടുപ്പുകളോടെ ഇറങ്ങേണ്ടതാണെന്ന് എൻസിഡിസി നിർദേശം നൽകി. മഴ മാറി ചൂടു കൂടി വരുന്ന കേരളത്തിൽ വേണ്ടത്ര ജാഗ്രത ഇല്ലെങ്കിൽ അമീബ കേസുകൾ വർധിക്കാനിടയാകും. ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ചെറുജീവിയായ അമീബ കൂടുതൽ വളരാനും വ്യാപിക്കാനുമുള്ള സാധ്യതയുണ്ടെന്നും എൻസിഡിസി ചൂണ്ടിക്കാണിച്ചു.
ചൂടു കാലാവസ്ഥയിൽ ആളുകൾ കുളത്തിലിറങ്ങി കുളിക്കുന്നതു കൂടുമെന്നതിനാൽ അമീബ മൂക്കിലൂടെ മസ്തിഷ്കത്തിലെത്താനുള്ള സാധ്യതയുണ്ട്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ കുളത്തിലിറങ്ങുന്നവർ മൂക്ക് അടച്ച് പിടിച്ച് ജലാംശം ഉള്ളിലേയ്ക്ക് കടക്കാതെയിരിക്കാൻ ശ്രദ്ധിക്കുക. നോസ് ക്ലിപ്പുകൾ (Nose plugs) ഉപയോഗിക്കുക.
ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, 2025 ൽ കേരളത്തിൽ അമീബ മെനിംഗോഎൻസെഫലൈറ്റിസ് മൂലം 170 കേസുകളും 42 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
‘അമീബിക്ക് അണുബാധകൾ പ്രധാനമായും ചർമ്മത്തിലെ മുറിവുകൾ വഴിയും നാസോ-ഘ്രാണ പാത അല്ലെങ്കിൽ ശ്വസനം എന്നിവയിലൂടെയും ഉള്ളിൽ പ്രവേശിച്ച് പടരുന്നു’ എന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ഡയറക്ടർ ജനറലിനു വേണ്ടി ഒരു വിദഗ്ധൻ നടത്തിയ സമീപകാല പഠനത്തിൽ പറയുന്നു. ഇത് പ്രധാനമായും രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നുവെന്നും പഠനത്തിൽ പറഞ്ഞു.
“സാധാരണ ജലാശയങ്ങളിൽ നീന്തുന്നത് വഴി മൂക്കിലൂടെ ജലാംശം ശരീരത്തിൽ പ്രവേശിക്കുന്നു. തുടർന്ന് അണുബാധ ശരീരത്തിനുള്ളിൽ പെരുകുന്നു. ഇത് വളരെ അപകടസാഹചര്യമാണ്” – ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ചിലെ (പിജിഐഎംഇആർ) മെഡിക്കൽ പാരാസിറ്റോളജി വകുപ്പിലെ സുമീത ഖുറാന നടത്തിയ പഠനത്തിൽ പറയുന്നു.
2024–2025 കാലയളവിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ (എഫ്എൽഎ) മൂലമുള്ള കേസുകൾ കേരളത്തിൽ കുത്തനെ വർധിച്ചതായി ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനം അഭിപ്രായപ്പെട്ടു. ശുദ്ധജലം, തടാകം, കുളം, കനാലുകൾ തുടങ്ങിയ ജലസ്രേതസുകളിൽ കാണപ്പെടുന്ന സർവ്വവ്യാപിയായ ജീവികളാണ് സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ എന്ന് പഠനത്തിൽ പറയുന്നു.
അമീബ കേസുകൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേരള, കൊൽക്കത്ത എന്നീ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. സമാനമായ ഭൂമിശാസ്ത്രം കാലാവസ്ഥയും എന്നിവ ഇവയ്ക്ക് ജീവിക്കാൻ അനുകൂലമാകുന്നുവെന്നതാണ് കാരണം.
2023 ൽ കേരളത്തിൽ രണ്ട് കേസുകളും രണ്ട് മരണങ്ങളും മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും, 2024 ൽ എണ്ണം 39 കേസുകളും ഒമ്പത് മരണങ്ങളുമായി കുത്തനെ ഉയർന്നു. ഈ അസാധാരണമായ കണക്കുകൾ സംസ്ഥാന സർക്കാർ മുഖവിലയ്ക്കെടുകയും രോഗനിർണയത്തിന് നേരത്തെയുള്ള പരിശോധനകൾ വർധിപ്പിക്കുകയും ചെയ്തു.
കേരളത്തിൽ കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ”ഈ പ്രദേശങ്ങളിൽ, കുളി, നീന്തൽ, മതപരമായ ആചാരങ്ങൾ, മത്സ്യബന്ധനം, വിനോദം തുടങ്ങിയ സാംസ്കാരികവും തൊഴിൽപരവുമായ കാരണങ്ങൾ മനുഷ്യ-ജല സമ്പർക്കം സാധാരണമാക്കുന്നു. കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മിക്ക കേസുകളിലും നീന്തൽ പോലുള്ള പ്രവർത്തനങ്ങളിൽ നിന്ന് നേരിട്ട് അണുബാധ ഉള്ളിൽ പ്രവേശിച്ചതാണ്” – പഠനത്തിൽ പറയുന്നു.
സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾക്ക് വേനൽ കാലാവസ്ഥ വളരെ അനുകൂലമാണ്. ഇടയ്ക്കിടെയുള്ള ക്ലോറിനേഷൻ വൃത്തിയാക്കൽ തുടങ്ങിയവയിലൂടെ അമീബ വളർച്ചയെ ഒരു പരിധി വരെ തടയാൻ കഴിയും. മുന്നോട്ട് കൂടുതൽ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ ഇനിയും കൂടുതൽ കേസുകൾ ഉണ്ടാകാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ആരോഗ്യ മന്ത്രാലയം ഇൻഫർമേഷൻ, എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ (ഐഇസി) പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് തുടരുന്നു. കൂടാതെ ഗവേഷണം, പ്രതിരോധം, തയ്യാറെടുപ്പ് എന്നിവയിൽ കേരള സർക്കാരുമായി ആരോഗ്യ മന്ത്രാലയം സഹകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഇടിവി ഭാരതിനോട് പറഞ്ഞു.
അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന രോഗത്തിൻ്റെ വ്യാപന വേഗതയും തീവ്രതയും കണക്കിലെടുക്കുമ്പോൾ, രോഗനിർണയത്തിനായി കാത്തിരിക്കുന്നവർ സമയം പാഴാക്കാതെ ചികിത്സ എടുത്ത് തുടങ്ങണം. കുറച്ച് മണിക്കൂറുകളുടെ കാലതാമസം പോലും രോഗനിർണയം കൂടുതൽ വഷളാക്കാനും മരണം സംഭവിക്കാനും കാരണമാകും എന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.



Be the first to comment