‘രാജീവ് ചന്ദ്രശേഖരൻ എവിടെ?’; ബജറ്റിന് ശേഷം ബിജെപി നേതാക്കളെ കാണാനില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വികസിത കേരളം എന്നു പറഞ്ഞു നടന്ന ബിജെപി നേതാക്കളെയും സംസ്ഥാന പ്രസിഡൻ്റിനെയും രാജീവ് ചന്ദ്രശേഖരനെയും കേന്ദ്ര ബജറ്റിനു ശേഷം കാണാനില്ലെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരെവിടെപ്പോയി എന്നും അവർ കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങൾ കൂടി നൽകുന്ന നികുതി വിഹിതമാണ് കേന്ദ്രം പറ്റുന്നത്. അല്ലാതെ കേന്ദ്രത്തിൻ്റെ ഔദാര്യമല്ല. കേരളം കൊടുക്കുന്ന ജിഎസ്ടിയുടെയും ആദായ നികുതിയുടെയും പകുതി പോകുന്നത് കേന്ദ്രത്തിലാണ്. കേരളം നൽകുന്ന നികുതിപ്പണം കൈയിൽ വച്ചു കൊണ്ട് കേന്ദ്രം കേരളത്തോടു കാട്ടുന്ന അവഗണന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി നേതൃത്വവും ഉത്തരം പറയണം.

എയിംസ് വിവാദം

സ്ഥലം ഏറ്റെടുത്തു കൊടുക്കാത്തതു കൊണ്ടാണ് എയിംസ് കേരളത്തിന് അനുവദിക്കാത്തതെന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ വാദം അങ്ങേയറ്റം ബാലിശമാണ്. കേന്ദ്രം ഒരു പദ്ധതി എവിടെയാണെന്നു പ്രഖ്യാപിക്കാതെ സംസ്ഥാനത്തിന് സ്ഥലം എടുത്തു കൊടുക്കാൻ കഴിയുമോ. ഇക്കാര്യത്തിൽ താൻ പിണറായി സർക്കാരിനൊപ്പമാണ്. കേന്ദ്രം തരാൻ സാധ്യതയുണ്ടെന്നു കരുതി തിരുവനന്തപുരത്ത് സ്ഥലമെടുത്തു എന്നു വിചാരിക്കുക. പദ്ധതി അനുവദിക്കുന്നത് കോഴിക്കോട്ടാണെങ്കിൽ എന്തു ചെയ്യും. കോട്ടയത്ത് സ്ഥലമെടുത്ത ശേഷം എറണാകുളത്താണ് എയിംസ് അനുവദിക്കുന്നതെങ്കിൽ എന്തു ചെയ്യും. കേന്ദ്രമാണ് പദ്ധതി എവിടെയാണെന്ന് പ്രഖ്യാപിക്കേണ്ടത്.

ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖരൻ പറയുന്നത് അബദ്ധമാണ്. സ്ഥലം ഏറ്റെടുക്കുന്നിടത്തു തന്നെ കേന്ദ്രം എയിംസ് അനുവദിക്കണമെന്നുണ്ടോ. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത ഒരു പ്രോജക്ടിന് കേരളം എങ്ങനെ സ്ഥലമെടുക്കും. ആ ചോദ്യത്തിന് രാജീവ് ചന്ദ്രശേഖരൻ മറുപടി പറയണം. എവിടെ വേണമെന്ന കാര്യത്തിൽ ബിജെപിയിൽ തന്നെ തർക്കം നിലനിൽക്കുന്നു. മന്ത്രി സുരേഷ് ഗോപി ചിലപ്പോൾ പറയും തൃശൂരിൽ വേണമെന്ന്. മറ്റു ചിലപ്പോൾ പറയുന്നത് ആലപ്പുഴയിൽ വേണമെന്നാണ്. ഇതൊന്ന് വ്യക്തമാകാതെ പിണറായി സർക്കാരിന് എവിടെയെങ്കിലും പോയി സ്ഥലമെടുക്കാൻ കഴിയുമോ.

കേന്ദ്രമന്ത്രിയായിരുന്ന ഒരാൾ ഇത്തരം കാര്യങ്ങൾ പറയരുത്. രാജീവ് ചന്ദ്രശേഖരനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ന്യായീകരിക്കാൻ മറ്റൊന്നുമില്ലാത്തതു കൊണ്ട് അദ്ദേഹം പറയുന്നതാണ്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ വികസനം വേണ്ടേ. അങ്ങനെയെങ്കിൽ കേന്ദ്രത്തിലേക്ക് നികുതി കൊടുക്കേണ്ടെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചാൽ എന്തു ചെയ്യും. കേരളത്തിൽ നിന്നു പിരിച്ചെടുക്കുന്ന പണം കൂടിയല്ലേ കേന്ദ്രം ചെലവഴിക്കുന്നത്. അല്ലാതെ ബിജെപി നേതാക്കളുടെ വീട്ടിലെയോ സ്ഥലം എഴുതി വിറ്റു കിട്ടിയ പണമോ അല്ല. പ്രഖ്യാപിക്കാമെന്ന് ഉറപ്പു തന്ന പദ്ധതികളൊന്നും കേന്ദ്രം തരുന്നില്ല. അതവർ വ്യക്തമാക്കണ്ടേയെന്നും സതീശൻ മാധ്യമങ്ങളോടു ചോദിച്ചു.

ധാതുമണൽ ഖനനം

കോർപറേറ്റുകളുടെ കണ്ണു മുഴുവൻ കേരളത്തിലെ ധാതു ശേഖരത്തിലാണ്. കേന്ദ്രം കടൽ മണൽഖനനം എന്നൊരു പദ്ധതി കൊണ്ടു വന്നു. ആദ്യം അനുമതി കൊടുത്തത് കൊല്ലം പരപ്പിലാണ്. ഏറ്റവുമധികം മത്സ്യ സമ്പത്തുള്ള സ്ഥലമാണിത്. അവിടെ 68 മുതൽ 72 മീറ്റർ വരെ ആഴത്തിൽ ഖനനാനുമതിയാണ് നൽകിയത്. കേരളത്തിൽ ഏറ്റവും നല്ല മത്സ്യങ്ങൾ കിട്ടുന്ന ഇവിടെ ഇതോടെ മത്സ്യ സമ്പത്താകെ ഇല്ലാതാകും. ഇപ്പോൾ ഒരു ധാതു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതും കോർപറേറ്റുകൾക്ക് മണൽഖനനം ചെയ്യുന്നതിനാണ്.

ഈ മണൽ ഓരോ പ്രക്രിയ കഴിയുമ്പോഴും ഇതിൻ്റെ വില 30 മുതൽ 40 ഇരട്ടിയായി വർധിക്കും. ധാതുമണൽ ഇത്തരത്തിൽ കൊള്ളയടിക്കാനുള്ള നീക്കം കേന്ദ്രം നടത്തിയാലും കേരളം നടത്തിയാലും പ്രതിപക്ഷം ശക്തമായി എതിർക്കും. ധാതുമണൽ ശേഖരിക്കുന്നതിന് പ്രതിപക്ഷം എതിരല്ല. അതിനെ മൂല്യ വർധിത ഉത്പന്നങ്ങളാക്കി പൊതുമേഖലാ സ്ഥാപനമായ ഐആർഇ പോലുള്ള സ്ഥാപനങ്ങൾക്ക് മാറ്റാം. ധാതുമണൽ ഖനനത്തിന് ആർക്ക് അനുമതി നൽകിയാലും അത് സുതാര്യമായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*