രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും. നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം. ഈ മാസം 23ന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെടും. ഡി.കെ.മുരളിയെ കേട്ടശേഷം ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെയും കേൾക്കും.
പീഡന പരാതികളുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളി ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം പരാതിയിൽ കൃത്യമായി ഉന്നിയിക്കുന്നില്ലന്ന് പ്രിവിലേജസ് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം, തനിക്ക് എതിരായ ബലാത്സംഗ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ ജാമ്യം ലഭിച്ചത് പിന്നാലെ ആദ്യമായാണ് പ്രതികരണം. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങള്‍ മാത്രമെന്നും പൂര്‍ണരൂപം പുറത്തുവിടണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പരാതികള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. തന്നെ കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.



Be the first to comment