ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആ ഘട്ടത്തിലാണ് വാച്ച് അന്റ് വാര്‍ഡ് തടുക്കാനും പിടിക്കാനും ശ്രമിച്ചത്. ഞങ്ങളെല്ലാം ഇതു നോക്കിക്കണ്ടതാണ്. സഭയില്‍ ഒരു കാലത്തും ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രകോപനപരമായ ഒരുകാര്യവും സഭയില്‍ ഉണ്ടായിരുന്നില്ല. ആദ്യം ഒരു പ്രകോപനം ഉണ്ടായപ്പോഴാണ് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചത്. പിന്നീടും സഭ തുടങ്ങിയപ്പോഴും പ്രകോപനം ആവര്‍ത്തിച്ചു. ബോധപൂര്‍വം കുഴപ്പം സ്ൃഷ്ടിക്കാന്‍ വേണ്ടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാട്ടില്‍ ചെലവാകാത്ത കാര്യം, കോടതിയില്‍ ചെലവാകാത്ത കാര്യം, കോടതിയില്‍ നിന്നും അടിയേറ്റപ്പോള്‍ സഭയില്‍ വന്ന് ബഹളം വെച്ച് കാര്യങ്ങള്‍ നേടാനാണ് നോക്കിയത്. പ്രതിപക്ഷ നേതാവ് സഭയില്‍ നടന്ന അക്രമത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. സ്പീക്കറുടെ ഡയസിലേക്ക് ഒരു അംഗം ചാടിക്കയറാന്‍ ശ്രമിച്ചു. പിന്നാലെ മറ്റൊരംഗവും ചാടിക്കയറാന്‍ ശ്രമിച്ചു. നിയമസഭയില്‍ കാണിക്കാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍ എന്തിന് വേണ്ടിയാണ്. ഇത്തരം സമീപനങ്ങള്‍ പ്രതിപക്ഷം സ്വീകരിച്ചത് അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നേതൃത്വത്തിലാണ് എസ്‌ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഡിവിഷന്‍ ബെഞ്ച് പരിശോധനകളും, നിരീക്ഷണങ്ങളും വിലയിരുത്തലുകളുമെല്ലാം നടത്തിയിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്‌ഐടിയുടെ അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് ഏതെല്ലാം തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ, അതിനെല്ലാം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. കേസില്‍ ജാമ്യാപേക്ഷ ചെല്ലുന്നത് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്നിലല്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മുന്നിലാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജഡ്ജിമാര്‍ ആ ഘട്ടത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നു വരും. അത് സര്‍ക്കാരിനെതിരായ പരാമര്‍ശമല്ല, ഹൈക്കോടതിക്കെതിരായിട്ടു തന്നെയുള്ള പരാമര്‍ശമാണ്. മുഖ്യമന്ത്രി പറഞ്ഞു.

കാരണം സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലല്ല. സര്‍ക്കാര്‍ എസ്‌ഐടിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. എസ്‌ഐടി അന്വേഷണം പരിശോധിക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സിംഗിള്‍ ബെഞ്ച് സാന്ദര്‍ഭികമായി നടത്തുന്ന പരാമര്‍ശങ്ങള്‍ അന്വേഷണത്തിന് എതിരായ നിഗമനമാണെന്ന് കണക്കാക്കാനാവില്ല. അത്തരമൊരു നിഗമനം എടുക്കേണ്ടത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ്. ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*