മത നിരപേക്ഷ സമൂഹം എന്ന നിലയിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് മന്ത്രി വി അബ്ദുറഹിമാൻ. കഴിഞ്ഞ 10 വർഷത്തിനിടെ ധാരാളം കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് കഴിഞ്ഞു. കേരളത്തിൽ 10 വർഷമായി ഒരു വർഗീയ സംഘർഷം പോലും നടക്കാതെ ശ്രദ്ധിക്കാൻ സർക്കാരിനായെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ വലിയൊരു വിഭാഗം തൊഴിൽ വിദ്യാഭ്യാസ നിലവാരത്തിൽ പിന്നിലാണ്. കേരളം അതിൽ നിന്ന് വ്യത്യസ്തമാണ്. മത-ന്യൂനപക്ഷങ്ങളോട് ചേർന്ന് നിൽക്കാനാണ് എൽ ഡി എഫ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. പാലോളി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ന്യൂനപക്ഷ ഡയറക്റേറ്റ്, ന്യൂനപക്ഷ ധനകാര്യ കമ്മിഷൻ തുടങ്ങിയവയൊക്കെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അതിവേഗം നടപ്പിലാക്കി വരികയാണ്. 280 ശുപാർശകളാണ് ഉള്ളത്. ഇതിൽ 220 ശുപാർശകളും നടപ്പിലാക്കി. ന്യൂനപക്ഷ വകുപ്പ് തന്നെ 44 ശുപാർശകളിൽ 33 നടപ്പിലാക്കി. ബാക്കി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നിയമങ്ങളിലും സംസ്ഥാന സർക്കാരിന്റെ ചട്ടങ്ങളിലും മാറ്റം വരേണ്ടതുണ്ട്. അതിനു കാത്തിരിക്കണം.
സംസ്ഥാനത്തെ ന്യൂനപക്ഷ യുവജനങ്ങൾക്കായി പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഈ സർക്കാർ ആരംഭിച്ച ഏറ്റവും പ്രധാനപെട്ട സ്കോളർഷിപ് പദ്ധതിയാണ് മാർഗദീപം. കഴിഞ്ഞ 3ബഡ്ജറ്റുകളിലായി 62 കോടി രൂപ വകയിരുത്തി. ന്യൂനപക്ഷ ക്ഷേമവിഹിതം കേന്ദ്രം വലിയ രീതിയിൽ കുറച്ചു. 12.5 ശതമാനത്തിന്റെ കുറവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment