എസ്പി വെങ്കടേഷിന്റെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗായകന്‍ ജി വേണുഗോപാല്‍

എസ്പി വെങ്കടേഷിന്റെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗായകന്‍ ജി വേണുഗോപാല്‍. ഒരേ സമയം നാലും അഞ്ചും ചിത്രങ്ങള്‍ക്ക് സംഗീതവും പിന്നണിയുമടക്കം എ ടു സെഡ് ജോലികള്‍ ചെയ്യുന്ന വെങ്കിടേഷിനെ ഞാന്‍ ആദരപൂര്‍വ്വം നോക്കി നിന്നിട്ടുണ്ടെന്നും വേണുഗോപാല്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

എസ്.പി. വെങ്കിടേഷ് നിര്യാതനായിരിക്കുന്നു. തീരെ വിശ്വസിക്കാനാകുന്നില്ല. സിനിമയിലും സംഗീതത്തിലും ഗംഭീരമായ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് മുന്നെ കടന്നു വന്ന സംഗീതജ്ഞന്‍ ആയിരുന്നു എസ്.പി. വെങ്കിടേഷ്. സിനിമയില്‍ കീബോര്‍ഡ് പ്രോഗ്രാമിങ്ങ് ആരംഭിച്ചിട്ടില്ല അക്കാലത്ത്. സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുക എന്നത് അത്ര എളുപ്പമല്ലാതിരുന്ന ഒരു കാലം. ലീനിയര്‍ എഡിറ്റിംഗ് ആയിരുന്നു നിലവിലുണ്ടായിരുന്നത്. അത് കൊണ്ടു തന്നെ ഗാനങ്ങള്‍ക്ക് മനോഹരമായ ഈണം നല്‍കിയിരുന്ന പല സംഗീത സംവിധായകരും, ട്യൂണ്‍ ഇടുക എന്ന ചടങ്ങോടെ രംഗം വിടുകയായിരുന്നു പതിവ് ! സിനിമയുടെ റീലുകള്‍ കണ്ട് ഉള്ളിലെ സംഗീത / താള ബോധത്താല്‍ സംഗീതം തയ്യാറാക്കുക എന്നത് സംഗീത സംവിധായകരെ സംബന്ധിച്ചിടത്തോളവും അന്ന് ഒരു വലിയ വെല്ലുവിളിയായിരുന്നു.

തൊണ്ണൂറുകള്‍ക്ക് മുന്‍പ് തന്നെ ശ്രീ വെങ്കിടേഷ് തന്റെ സ്വത സിദ്ധമായ സംഗീതാവബോധത്താല്‍, പാട്ടുകള്‍ക്ക് ഈണം നല്‍കുന്നതിലും, സിനിമയുടെ പിന്നണി സംഗീതം ഒരുക്കുന്നതിലും പ്രകടിപ്പിച്ചിരുന്ന വേഗതയും വൈദഗ്ദ്ധ്യവും അദ്ദേഹത്തെ മലയാള സിനിമാ രംഗത്തെ അതിപ്രശസ്തനായ ഒരു സംഗീത സംവിധായകനാക്കി മാറ്റിയിരുന്നു. ഗാനങ്ങളുടെ ഈണവും പിന്നണിയും ഒരേ പോലെ ഭംഗിയായും വേഗതയോടെയും ചെയ്യുന്നതില്‍ അങ്ങനെ ജോണ്‍സനോടൊപ്പം എസ്.പി. വെങ്കിടേഷിന്റെ നാമവും ഫിലിം മേക്കേര്‍സിന് പരിചിതമായിത്തീര്‍ന്നിരുന്നു. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഒഴിച്ചു കൂടാന്‍ വയ്യാത്തൊരു കമേഴ്‌സ്യല്‍ നാമധേയമായി വെങ്കിടേഷ് അതിവേഗം വളര്‍ന്നു. സാങ്കേതികതയുടെ അതിപ്രസരമില്ലാത്ത ആ നാളുകളില്‍ കുറച്ച് സമയത്തിനുള്ളില്‍ ചെറിയ ബജറ്റില്‍ പരമാവധി ഭംഗിയായി വെങ്കിടേഷ് തന്റെ ജോലി നിര്‍വ്വഹിച്ചിരുന്നു.

അക്കാലത്തെ മുന്‍നിര സിനിമാ സംവിധായകരായ ജോഷി, പ്രിയദര്‍ശന്‍, തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്, ജയരാജ്, രാജസേനന്‍, ഇവര്‍ക്കൊക്കെ വളരെ വേണ്ടപ്പെട്ട സംഗീത സംവിധായകനായിരുന്നു എസ്.പി. വെങ്കിടേഷ്. ഒരേ സമയം നാലും അഞ്ചും ചിത്രങ്ങള്‍ക്ക് സംഗീതവും പിന്നണിയുമടക്കം എ ടു സെഡ് ജോലികള്‍ ചെയ്യുന്ന വെങ്കിടേഷിനെ ഞാന്‍ ആദരപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. ഒരിക്കലും അദ്ദേഹം ജോലിക്കിടയില്‍ ദേഷ്യമോ, അസ്വസ്ഥതയോ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ തമിഴ് കലര്‍ന്ന മലയാള സംഭാഷണവും മലയാളം വായിച്ച് മനസ്സിലാക്കാനുള്ള പ്രയാസവും, സംഗീതം നല്‍കുന്നതിന് അദ്ദേഹത്തിന് പ്രതിബന്ധമായ് നിന്നതായ് യാതൊരു തെളിവുമില്ല.

1987 ല്‍ ഡിസംബറിലായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ , ഞാന്‍ ആദ്യമായി ശ്രീ വെങ്കിടേഷിന് വേണ്ടി പാടുന്നത്. ‘ വിളംബരം” എന്ന ബാലചന്ദ്രമേനോന്‍ ചിത്രമായിരുന്നു അത്. തുടര്‍ന്ന് ധാരാളം വെങ്കിടേഷ് ഗാനങ്ങള്‍ ഞാന്‍ പാടുകയുണ്ടായി. ശുദ്ധമദ്ദളം, ധ്രുവം, കമ്പോളം, സൈന്യം തുടങ്ങി അക്കാലത്തെ മുഖ്യധാരയിലെ പല ചിത്രങ്ങള്‍ക്കും ഞാന്‍ വെങ്കിടേഷിന്റെ സംഗീതത്തില്‍ പാടിയിയിട്ടുണ്ട്. തൊണ്ണൂറ് കാലഘട്ടത്തില്‍ മലയാള സിനിമാ ഗാനങ്ങളുടെയും സിനിമാ പിന്നണി സംഗീതത്തിന്റെയും ഭാവുകത്വത്തിന് മാറ്റ് കൂട്ടിയ വെങ്കിടേഷിന്റെ നിര്യാണം നമ്മുടെ പോപ്പുലര്‍ സംഗീതത്തിന്റെ ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരും അദ്ദേഹത്തോടൊപ്പം സിനിമാ സംഗീത മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരോടൊപ്പം, ആ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്ക് ചേരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*