രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ആരോഗ്യ സംരക്ഷണകർ പറയാറുണ്ട്. എന്നാൽ അതിനൊപ്പം ചില ദോഷവശങ്ങളും ഈ ശീലത്തിന് പിന്നിലുണ്ട്. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനത്തിനും വിഷാംശം പുറന്തള്ളാനും സഹായിക്കും. മാത്രമല്ല, ശരീരത്തിന് ഉണർവ് നൽകാനും ഈ ശീലം നല്ലതാണ്. എന്നാൽ ചില പ്രത്യേക സഹാചര്യത്തിൽ ഇത് തിരിച്ചടിയാകാം.
രാവിലെ വെറും വയറ്റിൽ അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാം. ശരീരത്തിലെ അധിക ദ്രാവകം പുറന്തള്ളാൻ മൂത്രശങ്ക കൂടാനും സാധ്യതയുണ്ട്. രാവിലെ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് ചിലരിൽ, പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് വയറുവേദന, പേശീവലിവ് പോലുള്ള ചെറിയ അസ്വസ്ഥതകൾക്ക് കാരണമാകാം.
മാത്രമല്ല, ഇത് ആമാശയത്തിലെ ലൈനിങിനെ അസ്വസ്ഥമാക്കുകയും, ഓക്കാനം, വയറുവേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യാം. ചെറുചൂടുള്ള വെള്ളമാണ് എപ്പോഴും വെറും വയറ്റിൽ നല്ലത്. രാത്രി ഭക്ഷണം ഇല്ലാതെ ദീർഘനേരം കിടക്കുന്നത് ആമാശയത്തിൽ ആസിഡ് അളവു കൂടുതലായി നിലനിര്‍ത്തുന്നു.
ഇത് സന്തുലിതമാക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കുമെങ്കിലും ദഹിക്കാൻ ഒന്നുമില്ലാത്തതിനാൽ ആമാശയ ലൈനിങ്ങിൽ പ്രകോപനം ഉണ്ടാവുകയും ഓക്കാനം വരികയും ചെയ്യാം. കടുത്ത നിര്‍ജ്ജലീകരണം ഉള്ളപ്പോഴും വെള്ളം കുടിക്കുന്നത് ചിലപ്പോൾ ഓക്കാനത്തിന് കാരണമാകാം. വെള്ളം കുടിക്കുന്നതിന്റെ അളവ് ഓരോരുത്തരുടെയും ശരീര പ്രകൃതി, കാലാവസ്ഥ, അധ്വാനം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം. ആദ്യം കുറഞ്ഞ അളവിൽ (അര ഗ്ലാസ്) കുടിച്ച് തുടങ്ങുക, ഓക്കാനം വരുന്നില്ലെങ്കിൽ അളവ് പതുക്കെ കൂട്ടുക. വെള്ളം ഒറ്റയടിക്ക് കുടിക്കാതെ, അൽപാൽപമായി കുടിക്കുന്നതാണ് നല്ലത്.



Be the first to comment