ദൂരെയുള്ള ശത്രുവിമാനങ്ങളെ പോലും തരിപ്പണമാക്കും! റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ന്യൂഡൽഹി: ദീർഘദൂര മിസൈലുകളെ കുതിപ്പിക്കാൻ ശേഷി നൽകുന്ന ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് റാംജെറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2026 ഫെബ്രുവരി 3 ന് രാവിലെ 10.45ന് ഒഡീഷ തീരത്തുള്ള ചാന്ദിപ്പൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് പരീക്ഷണം നടത്തിയത്.

തദ്ദേശീയമായി നിർമ്മിച്ച സോളിഡ് ഫ്യൂവൽ ഡക്‌ടറ്റ് റാംജെറ്റ് (എസ്‌എഫ്‌ഡിആർ) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. 350 കലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തിലെത്തി ശത്രു വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള അസ്‌ത്ര മാർക്ക് 3 മിസൈലുകളിൽ ഇത് ഉപയോഗിക്കും.

ലോകത്തിലൊട്ടാകെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം കൈകാര്യം ചെയ്യുന്ന എസ്‌എഫ്‌ഡിആർ സാങ്കേതികവിദ്യയാണിത്. അതിനാൽ തന്നെ നൂതന മിസൈൽ സാങ്കേതികവിദ്യയിൽ വലിയൊരു കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് ഇന്ത്യ. അടുത്ത തലമുറ ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വികസിപ്പിക്കുന്നതിൽ നിർണായകമായിരിക്കും ഇത്.

എന്താണ് റാംജെറ്റ് സാങ്കേതികവിദ്യ?
വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന എഞ്ചിനാണ് റാംജെറ്റിലുള്ളത്. മിസൈൽ മുന്നോട്ട് പോകുമ്പോഴുള്ള വേഗത ഉപയോഗിച്ച് വരുന്ന വായുവിനെ കംപ്രസ് ചെയ്യും. തുടർന്ന് എഞ്ചിനിലെ ഡക്‌റ്റിലൂടെയാണ് അന്തരീക്ഷത്തിൽ നിന്നുള്ള ഓക്‌സിജൻ വലിച്ചെടുക്കുന്നത്. ഈ ഓക്‌സിജന്‍റെ സഹായത്തോടെയാണ് ഉള്ളിൽ കത്തുന്നത്. ഇത് റോക്കറ്റിനെ മുന്നോട്ട് കുതിപ്പിക്കുന്നു. പരമ്പരാഗത റോക്കറ്റ് മോട്ടോറുകളിൽ നിന്ന് വ്യത്യസ്‌തമാണ് ഇത്. റാംജെറ്റ്-പവർ മിസൈലുകൾക്ക് കൂടുതൽ സമയം ഉയർന്ന വേഗത നിലനിർത്താൻ കഴിയും. വേഗതയേറിയതായതിനാൽ തന്നെ ശത്രു വിമാനങ്ങൾക്ക് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

പരീക്ഷിച്ചത് എങ്ങനെ?
പരീക്ഷണ വേളയിൽ, മിസൈൽ സംവിധാനത്തെ ആദ്യം ഒരു ഗ്രൗണ്ട് അധിഷ്ഠിത ബൂസ്റ്റർ ഉപയോഗിച്ച് ആവശ്യമായ വേഗതയിലേക്ക് മാറ്റുകയാണ് ചെയ്‌തത്. ആവശ്യമായ വേഗത ലഭിച്ചുകഴിഞ്ഞാൽ റാംജെറ്റ് സിസ്റ്റം അതിന്‍റെ പ്രവർത്തനം ആരംഭിക്കും. പരീക്ഷണ വേളയിൽ നോസൽ-ലെസ് ബൂസ്റ്റർ, ഖര ഇന്ധന ഡക്റ്റഡ് റാംജെറ്റ് മോട്ടോർ, ഇന്ധന പ്രവാഹ കൺട്രോളർ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഉപസിസ്റ്റങ്ങളും കൃത്യമായി പ്രവർത്തിച്ചതായി ഡിആർഡിഒ പറഞ്ഞു.

ബംഗാൾ ഉൾക്കടലിന്‍റെ തീരത്ത് വിന്യസിച്ചിരിക്കുന്ന ഒന്നിലധികം ഉപകരണങ്ങൾ ഉപയോഗിച്ച് മിസൈലിന്‍റെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. പറക്കലിനിടെ ശേഖരിച്ച ഡാറ്റയിൽ നിന്നാണ് പരീക്ഷണം വിജയിച്ചതായി വ്യക്തമായത്. ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്‍റ് ലബോറട്ടറി, ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, റിസർച്ച് സെന്‍റർ ഇമാറാത്ത്, ഐടിആർ എന്നിവയുൾപ്പെടെ നിരവധി ഡിആർഡിഒ ലബോറട്ടറികളിൽ നിന്നുള്ള മുതിർന്ന ശാസ്ത്രജ്ഞരാണ് പരീക്ഷണ വിക്ഷേപണത്തിന് നേതൃത്വം നൽകിയത്.

റാംജെറ്റ് സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് എങ്ങനെ ഉപകരിക്കും?
റാംജെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ-ടു-എയർ മിസൈലുകൾക്ക് വളരെ ദൂരെയുള്ള ശത്രുവിമാനങ്ങളെ പോലും ആക്രമിക്കാൻ കഴിയും. മാത്രമല്ല, ആക്രമസമയത്ത് അവസാനഘട്ടത്തിൽ പോലും ഉയർന്ന ഊർജ്ജം നിലനിർത്തുകയും ചെയ്യും. ദൃശ്യപരിധിക്ക് പുറത്തുള്ള ആക്രമണങ്ങളിൽ പോലും റാംജെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകൾ ഗുണം ചെയ്യും.

ഇത് പൈലറ്റുമാർക്ക് ശത്രു ജെറ്റുകളെ എത്രയും വേഗം നേരിടാൻ സഹായിക്കുമെന്ന് മാത്രമല്ല, സുരക്ഷിതമായ ദൂരത്തുനിന്ന് നേരിടാനും അനുവദിക്കും. സൂപ്പർസോണിക് വേഗതയിൽ സ്ഥിരതയുള്ള ജ്വലനം കൈകാര്യം ചെയ്യുന്നതിൽ, ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ പ്രാവീണ്യം നേടിയിട്ടുള്ളൂ. ഇന്ത്യയുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ ഈ സാങ്കേതികവിദ്യ വലിയതോതിൽ ഗുണം ചെയ്യും.

തദ്ദേശീയ പ്രതിരോധ ശേഷികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഭാവിയിലെ ഇന്ത്യൻ മിസൈൽ പരിപാടികളിൽ ഈ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*