‘മറ്റേ മോനല്ല’, ‘പൊന്നു മോന്‍’, വാക്കല്ല പ്രവൃത്തിയാണ് നോക്കേണ്ടത്’; സുരേഷ് ഗോപിയെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍

എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സുരേഷ് ഗോപി പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അര്‍ത്ഥത്തില്‍ ആണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരുപാട് പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ‘വാക്കല്ല പ്രവൃത്തിയാണ് നോക്കേണ്ടത്. കേരളത്തിലെ മൂന്ന് ധാതുക്കള്‍ കേന്ദ്രത്തിന് അവകാശപ്പെട്ടതാണ്. സംസ്ഥാനത്തിന് അതില്‍ അവകാശമില്ല. കേരള സര്‍ക്കാരിന് അവകാശപ്പെട്ട മൈനര്‍ മിനറല്‍സ് ഏതൊക്കെയെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.

അതേസമയം, പിപി ദിവ്യ ബിജെപിലേക്ക് പോകുന്നു എന്ന പ്രചാരണത്തിലും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. സിപിഎമ്മിന് വേണ്ടാത്തത് കൊണ്ടാണ് പി പി ദിവ്യ ബിജെപിലേക്ക് പോകുന്നു എന്ന പ്രചാരണം നടക്കുന്നത്. നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്ത് കൊന്ന ആളാണ് അവര്‍. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ സ്വത്വബോധം ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. അതിന്റെ പൊട്ടിത്തെറി കണ്ണൂരില്‍ നിന്ന് തുടങ്ങുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് ഒരു പരിപാടിയില്‍ വച്ച് സുരേഷ് ഗോപി സിനിമ സ്റ്റൈലില്‍ ‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ’… എന്ന് പറഞ്ഞത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രയോഗം. ഇത് പിന്നീട് വലിയ വിവാദങ്ങളിലേക്കെത്തുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*