‘ഹിറ്റാശാന്‍’! ഇന്ദ്രന്‍സിന്‍റെ മിന്നുന്ന പ്രകടനം; ആശാന്‍ പ്രേക്ഷക പ്രതികരണം

സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരമൊരു കഥ പറയുന്ന ചിത്രമാണ് ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ആശാന്‍. എങ്ങനെയെങ്കിലും ഒരു സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന അനന്തന്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് ആശാനെ പ്രേക്ഷകര്‍ അറിയുന്നത്.

ഇന്ന് (ഫെബ്രുവരി 5) ആണ് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. അതു കൊണ്ട് തന്നെ, ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരുന്നത്. ചിത്രം തിയേറ്ററുകളിലെത്തി ആദ്യ ഷോ പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ പറയുന്നതെന്താണെന്ന് നോക്കാം.

ഒരു കാലത്ത് സുപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇന്ന് ഒരു ഹിറ്റിനായി ആഗ്രിക്കുന്ന കെ എസ് ആര്‍ എന്ന വലിയ സംവിധായകന്‍റെ പുതിയ ചിത്രത്തിന്‍റെ ഭാഗമാകാന്‍ അനന്തന്‍ എന്ന ചെറുപ്പക്കാരന് ഒരു അവസരം ലഭിക്കുന്നു. സിനിമയില്‍ അസിസ്റ്റന്‍റ് ചെയ്യാനുള്ള അവസരം വരുന്നതോടെ സിനിമയ്ക്കാള്ള ഒരു ലൊക്കേഷനും അനന്തന് അന്വേഷിക്കേണ്ടി വരുന്നു. ആ യാത്ര എത്തിച്ചേരുന്നത് സിനിമയിലെ കേന്ദ്ര കഥാപാത്രമായ ആശാനിലേക്കാണ്.

ഒരു ഫ്ലാറ്റാണ് അനന്തന്‍ അന്വേഷിക്കുന്നത്. അയാള്‍ അന്വേഷിച്ച് എത്തുന്ന ഫ്ലാറ്റിന്‍റെ കെയര്‍ടേക്കറാണ് ആശാന്‍. ആ ഫ്ലാറ്റിലുള്ളവരുടെ അവസാന വാക്കാണ് ആശാന്‍. എന്നാല്‍ സിനിമയില്‍ ചെറിയ വേഷമെങ്കിലും ചെയ്യണമെന്നാണ് ആശാന്‍റെ ആഗ്രഹം. എന്നാല്‍ ഇത് മുതലെടുത്ത് അനന്തന്‍ ലൊക്കേഷനായി ആ ഫ്ലാറ്റ് തെരെഞ്ഞടുക്കുന്നു. പിന്നീട് അവിടെ നടക്കുന്ന ചില സംഭവങ്ങളും അനന്തര ഫലങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

പൊട്ടിച്ചിരിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ആദ്യ പകുതിയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമാ സെറ്റിലെ തമാശകളും ഫ്ലാറ്റിലെ അന്തേവാസികളുടെ ചില നിമിഷങ്ങളൊക്കെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

കഥാപാത്രങ്ങളോട് അടുപ്പം തോന്നുന്ന വിധത്തിലാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇന്ദ്രന്‍സിന്‍റെ മിന്നുന്ന പ്രകടനം തന്നെയാണ് ചിത്രത്തില്‍ എടുത്തു പറയാവുന്ന മറ്റൊന്ന്. ഒരിക്കല്‍ ഹാസ്യരംഗങ്ങള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്‌ത വ്യക്തി തന്നെയാണോ ഈ കഥാപാത്രം ചെയ്‌തതെന്ന് തോന്നിപ്പോകുന്ന വിധത്തിലുള്ള പ്രകടനമാണ് കാഴ്‌ച വച്ചിരിക്കുന്നത്. ചിരിപ്പിക്കുന്നതിനോടൊപ്പം ഈ ചിത്രം വൈകാരിക നിമിഷങ്ങളിലൂടെയും കൊണ്ടു പോകുന്നുണ്ട്.

അനന്തനെന്ന കഥാപാത്രമായി എത്തിയിരിക്കുന്നത് ജോമോന്‍ ജ്യോതിര്‍ ആണ്. മികച്ച പ്രകടനം തന്നെയാണ് ജോമോന്‍ കാഴ്‌ച വച്ചിരിക്കുന്നത്. കെ എസ് ആര്‍ എന്ന സംവിധായകനായി എത്തിയത് ഷോബി തിലകനാണ്. 30 വര്‍ഷത്തെ ടിവി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റില്‍ നിന്ന് ബിഗ് സ്ക്രീനിലേക്കാണ് ഷോബി തിലകന്‍റെ വരവ്. അത് ഒട്ടും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ലയെന്ന് തന്നെയാണ് അഭിപ്രായം.

ജോൺ പോൾ ജോർജ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.

ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്‍റെ ശബ്ദവും നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്.

Be the first to comment

Leave a Reply

Your email address will not be published.


*