‘ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ കളിക്കില്ല, ആലോചിച്ച് എടുത്ത തീരുമാനം’; നിലപാട് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഫെബ്രുവരി 15 ന് ശ്രീലങ്കയില്‍ നടക്കുന്ന മത്സരം സംബന്ധിച്ച് പാക് സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ കളിക്കേണ്ട എന്നതാണ് ആ നിലപാട്. ഇസ്ലാമാബാദില്‍ ഫെഡറല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പാക് പ്രധാനമന്ത്രി പറഞ്ഞു.

‘വളരെ ശ്രദ്ധാപൂര്‍വ്വമായ വിലയിരുത്തലിനു ശേഷമാണ് ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്. വളരെ അവധാനതയോടെ എടുത്ത തീരുമാനമാണ്. ഉചിതമായ തീരുമാനമായാണ് കണക്കാക്കുന്നത്. കായികരംഗത്ത് രാഷ്ട്രീയം പാടില്ല. ഞങ്ങള്‍ ബംഗ്ലാദേശിനൊപ്പമാണ്’. പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി 15 ഞായറാഴ്ചയാണ് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ- പാക് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കൊളംബോ പ്രേമദാസെ സ്റ്റേഡിയമായിരുന്നു വേദി. ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനയെ ഐസിസി വിമര്‍ശിച്ചിട്ടുണ്ട്. ‘സെലക്ടീവായ പങ്കാളിത്തം’ ഒരു ആഗോള കായിക മത്സരത്തിന്റെ അടിസ്ഥാന തത്വത്തിന് നിരക്കുന്നതല്ല. എല്ലാവരുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പരസ്പര സ്വീകാര്യമായ ഒരു നിലപാട് പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിസി പ്രസ്താവനയില്‍ സൂചിപ്പിച്ചു.

സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും, മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് പാകിസ്ഥാനും ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഔപിഎല്ലില്‍ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായത്.

Be the first to comment

Leave a Reply

Your email address will not be published.


*