ശബരിമല സ്വര്‍ണക്കൊള്ള സജീവമാക്കി പ്രതിപക്ഷം ജനങ്ങളിലേക്ക്; സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര നാളെ മുതല്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സജീവമാക്കി നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനം എന്ന വ്യക്തമായ സൂചനയുമായാണ് പ്രതിപക്ഷം ഇന്ന് സഭ വിട്ടത്. പ്രതിപക്ഷ ബഹളത്തില്‍ ഇന്ന് സഭാനടപടികള്‍ വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞതോടെ ബജറ്റ് സമ്മേളനത്തിന് ആദ്യ ഇടവേളയായി. ഇനി ഈ മാസം 23 നാണ് ബജറ്റ് സമ്മേളനം പുനരാരംഭിക്കുക.

ജനുവരി 20 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ തിങ്കളാഴ്ച മുതലാണ് സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും എസ്‌ഐടിക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാന്‍ വിസമ്മതിച്ച് നടുത്തളത്തിലിറങ്ങിയത്. സഭാ കവാടത്തില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എ മാര്‍ സത്യാഗ്രഹവും ആരംഭിച്ചു. പിന്നെ സഭ കണ്ടത് മുന്‍പില്ലാത്ത വിധം സിപിഎമ്മിൻ്റെ രണ്ടാം നിര പ്രത്യേകിച്ചും നാല് മന്ത്രിമാര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതാണ്. അതിനായി അവര്‍ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും പുറത്തെടുത്തു.

സോണിയാ ഗാന്ധിയുടെ വസതിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെ എത്തിയെന്നും കെ കരുണാകരനു പോലും അപ്പോയ്‌മെൻ്റ് ലഭിക്കാത്തിടത്ത് എങ്ങനെ സ്വര്‍ണം കട്ടവനും സ്വര്‍ണം വിറ്റവനും സ്വര്‍ണം വാങ്ങിയവനും എത്തിയെന്നുള്ള വാദങ്ങളുയര്‍ത്തി പ്രതിപക്ഷത്തിൻ്റെ നിയമസഭയിലെ സമരത്തെ നിര്‍വീര്യമാക്കാനായി ഭരണ പക്ഷ ശ്രമം. അന്വേഷണം ശരിയായ ദിശയിലാണെന്നും ആരും രക്ഷപ്പെടുമെന്ന് ആര്‍ക്കും ആശങ്ക വേണ്ടെന്നുമുള്ള കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷത്തിനു തിരിച്ചടിയാകുമെന്നു കരുതിയെങ്കിലും ഇന്നും വര്‍ധിത വീര്യത്തോടെയാണ് പ്രതിപക്ഷം സഭയിലെത്തിയത്. മാത്രമല്ല, ഹൈക്കോടതി നിരീക്ഷണം തള്ളിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും ആശങ്കയുണ്ടെന്ന് നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.

മാത്രമല്ല 90 ദിവസം അന്വേഷിച്ചിട്ടും ഒരു പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ സ്വാഭാവിക ജാമ്യം നേടി പുറത്തു വരികയാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളാകെ ആശങ്കയിലാണ്. ജാമ്യം നേടി പുറത്തിറങ്ങുന്നവര്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അകത്തു കിടക്കുന്നവര്‍ പുറത്തിറങ്ങുകയും അകത്താകേണ്ട പലരും പുറത്തു നില്‍ക്കുകയുമാണ്. തെരഞ്ഞെടുപ്പു വരെ ഇതേ സ്ഥിതി തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി സഭ ഇടവേളയ്ക്കു പിരിഞ്ഞെങ്കിലും പ്രതിപക്ഷം ഇതേ വിഷയവുമായി ജനങ്ങളിലേക്കിറങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര എന്ന പേരിലുള്ള യുഡിഎഫിൻ്റെ കേരള പര്യടനം ഫെബ്രുവരി 6ന് കാസര്‍കോട് നിന്ന് ആരംഭിക്കും. സര്‍ക്കാരിനെതിരായ കുറ്റപത്രം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും സംസ്ഥാനത്താകെയുള്ള യുഡിഎഫ് സംവിധാനം തെരഞ്ഞെടുപ്പ് നേരിടാനുള്ള നിലയിലേക്ക് ഉയര്‍ത്തുക എന്നതുമാണ് യാത്രയുടെ ഉദ്ദേശ്യം. എങ്കിലും യാത്രയിലുടനീളം പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ളയും അതില്‍ സിപിഎമ്മിൻ്റെ പങ്കും അതി ശകതമായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നതു തീര്‍ച്ചയാണ്. കേസില്‍ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കുറ്റപത്രമില്ലാത്തതു കാരണം സ്വാഭാവിക ജാമ്യം നേടി ഇന്നു പുറത്തിറങ്ങുന്നതിനിടെ കൂടിയാണ് യുഡിഎഫിൻ്റെ യാത്ര ആരംഭിക്കുന്നതെന്നതു ശ്രദ്ധേയമാണ്. സതീശൻ്റെ യാത്ര മാര്‍ച്ച് ആറിനോ ഏഴിനോ തിരുവനന്തപുരത്ത് ശക്തിപ്രകടനത്തോടെ സമാപിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*