യു.എസുമായുള്ള വ്യാപാര കരാര്‍; ‘രാജ്യത്തിന്റെ വികസന കുതിപ്പിനും വേഗത്തിനും കൂടുതല്‍ ഊര്‍ജം നല്‍കി’; പ്രധാനമന്ത്രി

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കരാറിന്റെ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് ലഭിക്കുമെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ആഗോള ശക്തികള്‍ താത്പ്പര്യപ്പെടുന്നുവെന്ന് യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായുമുള്ള വ്യാപാര കരാര്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ സ്ഥിരതയിലുള്ള ആഗോള ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

ലോക സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട് അനുകൂല സൂചനകളാണ് ഈ കരാറുകള്‍ക്ക് ലഭിക്കുന്ന പ്രശംസകള്‍ സൂചിപ്പിക്കുന്നത് – അദ്ദേഹം പറഞ്ഞു. ഒന്‍പതു വലിയ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളുടെയും വിശ്വസനീയ പങ്കാളിയായി ഇന്ത്യ മാറി. ലോകം കോവിഡിനുശേഷം പുതിയക്രമത്തിലാണ് പോകുന്നത്. ലോകം ഇന്ത്യയുടെ പക്ഷത്തേക്ക് തിരിയുകയാണ്. ഇത് സന്തോഷമുള്ള കാര്യമാണ് – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നതോട, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇതിനേയും പ്രധാനമന്ത്രി പരിഹസിച്ചു. പ്രതിപക്ഷം സഭ വിട്ടു, എന്നാലും അവര്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. പ്രതിഷേധിച്ചു തളര്‍ന്നവര്‍ ഇറങ്ങിപ്പോയെന്നും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ പ്രതിപക്ഷത്തിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുന്നതിനും മുന്‍ഭരണകൂടങ്ങളുടെ കാലത്ത് ആഗോളതലത്തില്‍ സൃഷ്ടിക്കപ്പെട്ട നെഗറ്റീവ് പ്രതിച്ഛായ ഇല്ലാതാക്കുന്നതിനുമാണ് ഗവണ്‍മെന്റിന്റെ ഊര്‍ജ്ജത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നതെന്ന് മോദി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. പാര്‍ലമെന്റില്‍ മറ്റുള്ളവര്‍ക്ക് ക്ലാസെടുക്കുന്നതിന് പകരം അവര്‍ സ്വയം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി വക്കീലായി കോടതിയില്‍ എത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം മാത്രം മതി, ജനങ്ങളോട് താല്പര്യം ഇല്ല. നിങ്ങള്‍ എത്ര ഈ നാടിനെ വഞ്ചിച്ചാലും സത്യം പൊളിച്ചു വയ്ക്കാന്‍ ആകില്ല – പ്രധാനമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*