ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന് കൈ കൊടുക്കാതെ കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പശ്ചിമ ബംഗാൾ കോൺഗ്രസ് നേതൃത്വം ഡൽഹിയിലെത്തി ഹൈക്കമാന്റുമായി നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു. ഒരു മണിക്കൂർ നീണ്ട യോഗത്തിനൊടുവിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ പറഞ്ഞു.

എസ്‌ഐ ആറിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായതിനെയും കോൺഗ്രസ് വിമർശിച്ചു. നടന്നത് മമതയുടെ പ്രഹസനം എന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.

അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കണമെന്നും വോട്ടർമാരുടെ പരാതികൾ പരിഹരിക്കണമെന്നും നിർദ്ദേശം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*