വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും കഴിഞ്ഞ വർഷം 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് പിൻവലിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യയുടെ യുക്രെയ്‌നിനെതിരായ നടപടികളും റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നിങ്ങനെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് 2025 ഓഗസ്‌റ്റിൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് തീരുവ പിൻവലിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ചതായി വാർത്ത പുറത്ത് വരുന്നത്.
കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്‌താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. ഇതോടൊപ്പം ഇന്ത്യ റഷ്യയിൽ നിന്നുമുള്ള എണ്ണ വാങ്ങുന്നത് നിർത്തുമെന്നും അമേരിക്കയുടെ ഊർജ്ജ ഉത്‌പ്പന്നങ്ങൾ വാങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനായി അമേരിക്കയുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.
”ദേശീയ അടിയന്തരാവസ്ഥ പരിഹരിക്കുന്നതിനും സുരക്ഷ, വിദേശനയം, സാമ്പത്തിക വിഷയങ്ങൾ എന്നിവയിൽ യുഎസുമായി യോജിക്കുന്നതിനും മറ്റും ഇന്ത്യ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കുകയും യുണൈറ്റഡ് സ്‌റ്റേറ്റിൻ്റെ അനുബന്ധ താരിഫ് വ്യവസ്ഥകൾ അവസാനിപ്പിക്കുകയും ചെയ്യുന്നു”- വൈറ്റ് ഹൗസ് പ്രസ്‌താവനയിൽ പറയുന്നു.
കൂടാതെ മുൻപ് പിരിച്ചെടുത്ത തീരുവകളുടെ റീഫണ്ടുകൾ യുഎസ് നിയമങ്ങളും കസ്‌റ്റംസ് നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് കൈകാര്യം ചെയ്യുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരുമായും വകുപ്പുകളുമായും ഏകോപിപ്പിച്ച് ഉത്തരവ് നടപ്പിലാക്കാൻ സ്‌റ്റേറ്റ് സെക്രട്ടറിയെ അധികാരപ്പെടുത്തിയിട്ടുണ്ട്.
ഒപ്പം യുഎസ് ഇൻ്റർനാഷണൽ ട്രേഡ് കമ്മിഷൻ താരിഫ് ഷെഡ്യൂളിൽ സാങ്കേതിക മാറ്റങ്ങൾ വരുത്താൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിക്ക് അധികാരമുണ്ടെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ പാലിക്കുന്നുണ്ടോ എന്ന് വൈറ്റ് ഹൗസ് നിരീക്ഷിക്കുകയും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പുനരാരംഭിച്ചാൽ വീണ്ടും താരിഫ് ഏർപ്പെടുത്തുകയും ചെയ്യുമെന്നുമാണ് മുന്നറിയിപ്പ്.



Be the first to comment