സെൻസസിനൊപ്പം എൻപിആർ കേരളത്തിൽ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സെൻസസിൻ്റെ ഭാഗമായി ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്‌റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. രാജ്യത്ത് അടുത്ത വർഷം മുതൽ നടക്കുന്ന സെൻസസ് നടപടികൾക്കൊപ്പം എൻപിആർ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാരിൻ്റെ പുതിയ ഉത്തരവ്.

കൊവിഡ് കാരണം സെൻസസ് പ്രക്രിയ നീണ്ടുപോയ സാഹചര്യത്തിലാണ് അടുത്ത വർഷം സെൻസസ് നടക്കുന്നത്. 2019 ഡിസംബർ 20 മുതൽ എൻപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചതായി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിലുണ്ട്. 2019 ൽ സെൻസസിനൊപ്പം എൻപിആർ നടപ്പിലാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോഴാണ് നേരത്തെ സർക്കാർ എൻപിആറുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ രാജ്യത്തെ ആദ്യ നിയമസഭയും കേരളത്തിലേതാണ്. പൗരത്വ നിയമ ഭേദഗതിയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സൂപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ ഹർജിയും കേരളം ഫയൽ ചെയ്‌തിട്ടുണ്ട്. ഈ നിലപാടിൻ്റെ തുടർച്ചയാണ് പുതിയ ഉത്തരവെന്നും സർക്കാർ വ്യക്തമാക്കി.

എന്താണ് എൻപിആർ

സിറ്റിസൻഷിപ്പ് ആക്‌ട് (1955), പൗരത്വ ചട്ടങ്ങൾ (2003) എന്നിവയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന രാജ്യത്തെ പതിവ് താമസക്കാരുടെ പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്‌റ്റർ. വില്ലേജ്, ബ്ലോക്, ജില്ല, സംസ്ഥാനം, ദേശീയ തലങ്ങൾ എന്നിങ്ങനെയാണ് രജിസ്‌റ്റർ തയാറാക്കുക.

ഒരു സ്ഥലത്ത് ആറ് മാസമായി താമസിക്കുകയും അടുത്ത ആറ് മാസം കൂടി അതേ പ്രദേശത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയെയായിരിക്കും സ്ഥിര താമസക്കാരായി കണകാക്കുക. 2011 സെൻസസിൻ്റെ ആദ്യഘട്ടത്തിനൊപ്പം 2010 ലാണ് ഏറ്റവും അവസാനമായി എൻപിആർ വിവരങ്ങൾ ശേഖരിച്ചത്.

വ്യക്തിയുടെ പേര്, കുടുംബനാഥനുമായുള്ള ബന്ധം, പിതാവിൻ്റെ പേര്, മാതാവിൻ്റെ പേര്, പങ്കാളിയുടെ പേര് (വിവാഹിതന്‍ ആണെങ്കില്‍), നിലവിലെ മേല്‍വിലാസം, നിലവിലെ മേല്‍വിലാസത്തിലെ താമസിക്കുന്ന കാലാവധി, ജോലി, വിദ്യാഭ്യാസം, വര്‍ഗം, ജനന തീയതി, വിവാഹവസ്ഥ, ജനന തീയതി, ദേശീയത എന്നിവയാണ് പ്രധാനമായും ജനസംഖ്യാ രജിസ്‌റ്ററിന് വേണ്ട ജനസംഖ്യാപരമായ വിവരങ്ങള്‍.

സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ), ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) എന്നീ രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്ക് കടക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം എന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. സെൻസസിനൊപ്പം എൻപിആർ കൂടി തയ്യാറാക്കിയശേഷം എൻആർസിയിലേക്ക്‌ നീങ്ങാനാണ്‌ കേന്ദ്രം പദ്ധതിയിടുന്നതെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നുണ്ട്.

സെൻസസ്

ജനസംഖ്യാപരമായ വിശദവും ആധികാരികവുമായ എല്ലാ വിവരങ്ങളും ശേഖരിക്കുന്ന 10 വർഷം തോറുമുള്ള കണക്കെടുപ്പാണ് സെൻസസ്. ജനസംഖ്യാവിവരങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, സാക്ഷരത, വിദ്യാഭ്യാസം, വീടുകൾ, മരണം, ജനനം, പട്ടികവിഭാഗങ്ങൾ, മതം, വീട്ടിലുള്ള സൗകര്യങ്ങൾ, കുടിയേറ്റം, ഭിന്നശേഷിക്കാർ എന്നിങ്ങനെ വുപരുലമായ ജനസംഖ്യാ വിവര ശേഖരമാണ് സെൻസസ്.

1872 ലായിരുന്നു ഇന്ത്യയിൽ ആദ്യമായി സെൻസസ് നടക്കുന്നത്. 2021 ൽ നടക്കേണ്ട സെൻസസ് കൊവിഡ് മഹാമാരിയെ തുടർന്ന് നടത്തിയില്ല. ആ സെൻസാണ് അടുത്ത വർഷം കേന്ദ്ര സർക്കാർ നടത്താൻ തീരുമാനിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*