അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തു; മൊഴിയെടുപ്പ് രണ്ടര മണിക്കൂർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ഫോട്ടോകൾ നേരത്തെ പുറത്തുവന്നതിൻ്റെ പശ്ചാത്തലത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായുള്ള നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാവിലെ പത്തുമണിയോടെയാണ് അടൂർ പ്രകാശ് ചോദ്യം ചെയ്യലിനായി ഹാജരായത്.

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിൻ്റെ ഭാഗമായി യുഡിഎഫ് പ്രഖ്യാപിച്ച കേരള യാത്ര ആരംഭിച്ചതിൻ്റെ രണ്ടാം ദിവസം തന്നെ മുന്നണി കൺവീനറെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെത്തന്നെ പിടിച്ചുലയ്ക്കുന്ന നിർണായകമായ നീക്കമാണ് പൊലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷം സ്വർണക്കൊള്ളയെ സർക്കാരിനെതിരായ ആയുധമാക്കുമ്പോൾ യുഡിഎഫ് കൺവീനറെ തന്നെ ചോദ്യം ചെയ്യുന്നതിലൂടെ ശക്തമായ പ്രതിരോധം തീർക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.

ശബരിമലയിലെ അതീവ സുരക്ഷ മേഖലയിൽ നിന്ന് എങ്ങനെയാണ് ഇത്രയധികം സ്വർണം കടത്തിക്കൊണ്ടുപോയതെന്ന ചോദ്യത്തിന് അന്വേഷണ സംഘം ഉത്തരം തേടുകയാണ്. ഇതിൽ രാഷ്ട്രീയ ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന ചിത്രങ്ങൾ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നിയമനം ലഭിച്ചതിലും അദ്ദേഹത്തിൻ്റെ സ്വർണക്കൊള്ള ഇടപാടുകളിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയിൽ രാഷ്ട്രീയ നേതാക്കൾക്ക് അറിവോ പങ്കോ ഉണ്ടോ എന്ന കാര്യത്തിൽ ഈ ചോദ്യം ചെയ്യൽ നിർണായകമാകും.

ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശിൻ്റെ പ്രതികരണം

ഉപ്പളയിൽ നടന്ന യോഗത്തിന് ശേഷം അന്തരിച്ച മുതിർന്ന നേതാവ് എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനായി ഇന്നലെത്തന്നെ ട്രെയിൻ മാർഗം താൻ തിരുവനന്തപുരത്ത് എത്തിയതാണെന്ന് എസ്‌ഐടി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അടൂർ പ്രകാശ് വ്യക്തമാക്കി. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ ഈ ആവശ്യം മാനിച്ചുകൊണ്ട് ഇന്ന് രാവിലെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവുകയും അവർ ചോദിച്ച കാര്യങ്ങൾക്കെല്ലാം വളരെ കൃത്യമായി മറുപടി നൽകുകയും ചെയ്തു.

നൽകിയ മറുപടികൾക്കനുസരിച്ച് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കും. ഇതിനപ്പുറത്തേക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ല. നൽകിയ മറുപടികളിൽ എന്തെങ്കിലും അവ്യക്തത ഉണ്ടോ എന്നതോ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമോ എന്നതോ ഉദ്യോഗസ്ഥർ തീരുമാനിക്കേണ്ട കാര്യമാണ്. അവർക്ക് എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് താനല്ലെന്നും മറിച്ച് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ്ടും ചോദ്യം ചെയ്യലിനായി വിളിക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അങ്ങനെയൊരു കാര്യം ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് ഈ ചാനലുകാർ അക്കാര്യം പറയുന്നതെന്നും അദ്ദേഹം തിരിച്ചുചോദിച്ചു. താൻ നൽകിയ മറുപടി എല്ലാവരും കേൾക്കണമെന്നും, തന്നെക്കൊണ്ട് നിർബന്ധപൂർവം മറുപടി പറയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചോദ്യം ചെയ്യലിൽ പ്രധാനമായും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണോ ചോദിച്ചതെന്ന ചോദ്യത്തിന്, പോറ്റിയുടെ കാര്യങ്ങളും മറ്റ് അനുബന്ധ കാര്യങ്ങളും ഉദ്യോഗസ്ഥർ ചോദിച്ചുവെന്നും തനിക്ക് അറിവുള്ള എല്ലാ കാര്യങ്ങളും അവരുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടായോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളൊന്നും തന്നോട് ചോദിച്ചിട്ടില്ലെന്നും ചോദിച്ച ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴി കർണാടകയിലെ തൻ്റെ ബന്ധം വഴിയാണോ എന്ന ചോദ്യത്തിന്, അക്കാര്യം തനിക്ക് അറിയില്ലെന്നും അങ്ങനെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം മറുപടി നൽകി. ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങൾ ചോദിച്ചാൽ മറുപടി ലഭിക്കുമെന്നും അത് തന്നോട് ചോദിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മൊഴിയെടുക്കലിനായി വിളിപ്പിച്ച അവസരത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും വിളിച്ചുവരുത്തി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു കാര്യവും നടന്നിട്ടില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് താൻ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ ഉദ്യോഗസ്ഥർ തീരുമാനിക്കട്ടെ എന്നും ഉണ്ണികൃഷ്ണൻ പോറ്റിയോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.

മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലുള്ള പരിചയമാണോ പോറ്റിയുമായി ഉള്ളതെന്ന ചോദ്യത്തിന്, എംപി ആകുന്നതിന് മുൻപും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അതിൽ രാഷ്ട്രീയം ഉണ്ടോ എന്നുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഇന്നത്തെ ചോദ്യം ചെയ്യലിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയോ എന്ന ചോദ്യത്തിന്, ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ ഒരു അസ്വാഭാവികതയും താൻ കണ്ടിട്ടില്ലെന്നും, വിളിപ്പിച്ചതനുസരിച്ച് അവിടെ പോയി പറയാനുള്ള മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ അവിടെ അന്വേഷിക്കാമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു.

രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ

ഇന്ന് രാവിലെ 10 മണിയോടെയാണ് അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായത്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ. എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്.

ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലായിരുന്നു ഇത്. ചോദ്യം ചെയ്യലിൻ്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനെ ഒപ്പമിരുത്തിയും മൊഴിയെടുപ്പ് നടന്നതായി വിവരമുണ്ടെങ്കിലും അടൂർ പ്രകാശ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, പുറത്തുവന്ന ചിത്രങ്ങൾ, കോൾ റെക്കോർഡുകൾ (സിഡിആർ) എന്നിവ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ഒത്തുനോക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും വേണ്ടിയായിരുന്നു ഈ മൊഴിയെടുപ്പ് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തരത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടൂർ പ്രകാശ് സമ്മാനങ്ങൾ നൽകുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

അന്വേഷണ സംഘം എന്തൊക്കെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇനി അറിയേണ്ടതുണ്ട്. ഇപ്പോൾ നടന്നത് മൊഴിയെടുപ്പിൻ്റെ ഒരു ഘട്ടം മാത്രമാണെന്നും, തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്ന ആദ്യ കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമാണ് അടൂർ പ്രകാശ് എന്നതും ഈ ചോദ്യം ചെയ്യലിനെ ഏറെ നിർണായകമാക്കുന്നു.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്ന പശ്ചാത്തലത്തിലും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തും അദ്ദേഹത്തിൻ്റെ പ്രതികരണം അതീവ പ്രാധാന്യമർഹിക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറെടുക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ മറുപടി എന്തായിരിക്കുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്.

ബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ

ശബരിമലയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും അടൂർ പ്രകാശ്, ആൻ്റോ ആൻ്റണി എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ വിവാദമായിരുന്നു. വെറുമൊരു സെൽഫി എന്നതിലുപരി പല ഘട്ടങ്ങളിലായി പല സ്ഥലങ്ങളിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിൻ്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ട്.

തൻ്റെ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലും ശബരിമലയിലെ സ്പോൺസർ എന്ന നിലയിലുമാണ് തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ളതെന്നാണ് അടൂർ പ്രകാശ് നേരത്തെ നൽകിയ വിശദീകരണം. എന്നാൽ പ്രതികളുടെ വീട്ടിൽ സ്ഥിരമായി പോയിരുന്നതായും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കി നൽകിയതായും ആരോപണങ്ങളുണ്ട്. ഈ ബന്ധം വെറുമൊരു പരിചയത്തിനപ്പുറം കവർച്ചയ്ക്കുള്ള ഗൂഢാലോചനയിലോ അല്ലെങ്കിൽ പ്രതികളെ രക്ഷപ്പെടുത്തുന്നതിലോ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്.

രാഷ്ട്രീയ ആരോപണങ്ങൾ

ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രനും എ പത്മകുമാറിനും ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ തന്നെ കോൺഗ്രസ് നേതാക്കൾക്കും ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന വാദവുമായി ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. 2004ൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുമ്പോൾ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലിനെ ഉന്നം വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇതിൻ്റെ സൂചനയാണ്.

സാമ്പത്തിക ഇടപാടുകളും തുടർനടപടികളും

അടൂർ പ്രകാശ് പ്രതിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, പ്രതികളിൽ നിന്ന് സ്വീകരിച്ചതായി ആരോപിക്കപ്പെടുന്ന സംഭാവനകൾ അല്ലെങ്കിൽ സമ്മാനങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണ സംഘം വിവരങ്ങൾ തേടുന്നുണ്ട്. കൂടാതെ ബെല്ലാരിയിലെ രത്നം ജ്വല്ലറി ഉടമയായ ഗോവർധനുമായി അടൂർ പ്രകാശിനുള്ള ബന്ധവും ചോദ്യം ചെയ്യലിൽ വിഷയമാകും. ഗോവർധൻ അടൂർ പ്രകാശിന് സമ്മാനങ്ങൾ നൽകുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ട്.

കേസിലെ മറ്റ് ഇടനിലക്കാരായ രാഹുൽ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചും എസ്‌ഐടി വിവരങ്ങൾ ശേഖരിക്കും. പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് സാധ്യത. കേസിലെ ഗൂഢാലോചനയും സ്വർണത്തിൻ്റെ ഉറവിടവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

സർക്കാരിന് തിരിച്ചടിയാകുമെന്ന് കെസി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളെ കേസിൽ കുടുക്കാൻ ശ്രമിച്ചാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 2004ലോ ഏത് കാലഘട്ടത്തിലോ അന്വേഷണം നടത്തുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ല. ശബരിമലയിൽ കോടിക്കണക്കിന് ആളുകൾ വരാറുണ്ട്. അന്ന് ദേവസ്വം മന്ത്രിയായിരുന്ന ആൾ അതിന് മറുപടി പറയണം എന്ന് പറയുന്നത് വിചിത്രമാണ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ള വിവരങ്ങൾ പ്രകാരം കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നിയമനം ലഭിച്ചതും ജോലിയുമായി ബന്ധപ്പെട്ട് അവിടെ തുടരുന്നതും 2007ലാണ്. അന്ന് ഏത് സർക്കാരാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിനാൽ അനാവശ്യമായി യുഡിഎഫിനെ ഇതിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കേണ്ടതില്ല.

സ്വന്തം തടി കേടായപ്പോൾ അത് മറച്ചുവയ്ക്കാൻ മറ്റുള്ളവരെക്കൂടി കേസിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നുള്ള സർക്കാരിൻ്റെ വിഫലശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഒരു നേതാവും ജയിലിൽ പോകേണ്ടി വരില്ലെന്ന് തങ്ങൾക്ക് പൂർണ ഉറപ്പുണ്ട്. യുഡിഎഫിനെ കേസിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളൂ. ഹൈക്കോടതി മുൻകൈയെടുത്താണ് ഈ കേസിൽ അന്വേഷണം നടന്നത്. സർക്കാർ സ്വമേധയാ നടത്തിയ അന്വേഷണമായിരുന്നില്ല ഇത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് വെളിച്ചത്തു വരുമായിരുന്നില്ല.

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പ്രതികളെ രക്ഷിക്കാനായിരുന്നു സർക്കാർ ശ്രമിച്ചത്. എന്നാൽ അന്വേഷണം മുറുകുകയും സ്വന്തം നേതാക്കൾ പ്രതികളാവുകയും ജയിലിലാവുകയും ചെയ്തപ്പോഴാണ് മറ്റാരെയെങ്കിലും ഇതിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ നോക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇതൊരു നാടകമായി മാത്രമേ കാണാൻ കഴിയൂ. ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാൻ ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും സാധിക്കില്ല. അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ഇതിൻ്റെ ഭാഗമാണ്.

കേരളത്തിലെ എംപിമാർ പാർലമെൻ്റിൽ സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തെയും കെസി വേണുഗോപാൽ തള്ളി. പാർലമെൻ്റിലെ രേഖകളും സീറോ അവറിലെ ഇടപെടലുകളും പരിശോധിച്ചാൽ യുഡിഎഫ് എംപിമാർ എത്രത്തോളം ശക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് താൻ തയാറാണ്. തീയതിയും സമയവും നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

സ്വർണക്കൊള്ളയിൽ മുങ്ങിത്താഴുന്നവർ കൈകാലിട്ടടിക്കുന്ന നിലവിളിയാണ് ഇപ്പോൾ കേൾക്കുന്നത്. പ്രതികൾക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് പുറത്തുവന്നത്, അല്ലാതെ യുഡിഎഫ് നേതാക്കളുടെയല്ല. സ്വർണക്കൊള്ളയിൽ ആകെ മുങ്ങിക്കിടക്കുന്നവർ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തുകയാണ്. മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ ഉന്നയിച്ച കാര്യങ്ങളിൽ തെളിവ് സഹിതം സംവാദത്തിന് വരണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*