ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി

മുംബൈ: ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

സാമ്പത്തികത്തട്ടിപ്പുകളില്‍ 65 ശതമാനവും 50,000 രൂപയില്‍ താഴെ വരുന്നതാണ്. ഇത്തരം തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് മല്‍ഹോത്ര വ്യക്തമാക്കി. ഡിജിറ്റല്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍, അത് ആരുടെ കുറ്റംകൊണ്ടായാലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് പദ്ധതി. നഷ്ടമായ തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. ഒരാള്‍ക്ക് ഒരുവട്ടം മാത്രമേ ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കൂവെന്ന് മല്‍ഹോത്ര അറിയിച്ചു. തട്ടിപ്പുകളില്‍ ജാഗരൂകരായിരിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഒടിപി പറഞ്ഞുകൊടുത്തുള്ള തട്ടിപ്പായാല്‍പ്പോലും പണം നഷ്ടമായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കും. പണം നഷ്ടമായതു പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. തട്ടിപ്പാണെന്ന് ഉറപ്പാക്കിയശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാക്കുക. നഷ്ടപ്പെട്ട തുകയുടെ 15 ശതമാനം ഉപഭോക്താക്കളും 15 ശതമാനം ബന്ധപ്പെട്ട ബാങ്കുമാകും വഹിക്കേണ്ടിവരുക. പാക്കി തുക റിസര്‍വ് ബാങ്ക് നല്‍കും.

പദ്ധതിയുടെ കരട് ഉടന്‍ പുറത്തിറക്കും. 2024-25 സാമ്പത്തികവര്‍ഷം 13,469 തട്ടിപ്പുകേസാണ് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 520 കോടി രൂപയാണ് ഇതിലെ നഷ്ടം.

Be the first to comment

Leave a Reply

Your email address will not be published.


*