തിരക്ക് കാരണം ഭക്ഷണം മുടക്കുന്നവരാണോ നിങ്ങള്‍? ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്തു രാത്രി വൈകിയും സ്‌ക്രീനിന്റെ മുന്നില്‍ കുത്തിയിരിക്കുന്നവരാണോ? ഇത്തരം ശീലങ്ങള്‍ മെറ്റബോളിസം മന്ദഗതിയിലാക്കാനും ശരീരഭാരം ക്രമേണ കൂടാനും കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യത ഉൾപ്പെടെ നിരവധി ആരോഗ്യ സങ്കീർണതകൾക്ക് കാരണമാകും.
മോശം ജീവിതശൈലി ഹോർമോണുകളുടെയും മെറ്റബോളിസത്തിന്റെയും താളം തെറ്റിക്കും. ഇത് അമിതവിശപ്പിലേക്കും മാനസിക സമ്മർദത്തിലേക്കുമൊക്കെ നയിക്കുന്നു. ഇവയെല്ലാം ശരീരഭാരം വർധിക്കാനുള്ള കാരണങ്ങളാണ്. ശരീരഭാരം കൂടുന്നതിന് പിന്നിലെ ഒരു പ്രധാന ഘടകമാണ് മെറ്റബോളിക് സമ്മർദം, എന്നാൽ പലരും ഇത് കാര്യമായി എടുക്കാറില്ല.
ഭക്ഷണം ഒഴിവാക്കുക
ഭക്ഷണം മുടക്കുന്ന ശീലം ഇന്ന് ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. തിരക്കു മൂലവും ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴിയായും പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ ഭക്ഷണം ഒഴിവാക്കുന്നത് വിപരീതഫലമുണ്ടാക്കാമെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണം ഒഴിവാക്കുമ്പോൾ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവു കുറയുന്നതിനാൽ ഊർജ്ജം കുറയുന്നു. ഇത് വിശപ്പ് വർധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകുന്നു.
കൂടാതെ ദീർഘനേരം ഭക്ഷണം ഒഴിവാക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. ഇത് ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ കുതിച്ചുചാട്ടത്തിന് കാരണമാകുന്നു. ദീർഘനേരത്തേക്ക് ഈ അവസ്ഥയിൽ തുടരുന്നത് കൊഴുപ്പ് നഷ്ടപ്പെടുന്നതിന് പകരം കൊഴുപ്പ് സംഭരിക്കാൻ കാരണമാകുന്നു.
അത്താഴം വൈകുന്നത്
ഭക്ഷണം കഴിക്കുന്ന സമയവും മെറ്റബോളിക് പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാത്രി വൈകി കനത്ത ഭക്ഷണം കഴിക്കുമ്പോൾ അവ ദഹിക്കാൻ പ്രയാസപ്പെടുന്നു. വൈകുന്നേരം എട്ട് മണിക്ക് മുൻപ് അത്താഴം പൂർത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സ്, മോശം ഉറക്കം, സർക്കാഡിയൻ റിഥം എന്നിവയെ ബാധിക്കുമെന്നതിനാൽ നമ്മുടെ മെറ്റബോളിക് ആരോഗ്യത്തെയും ബാധിക്കും.
പഞ്ചസാര പാനീയങ്ങൾ
സോഫ്റ്റ് ഡ്രിങ്കുകൾ, സ്മൂത്തികൾ, പായ്ക്ക് ചെയ്ത ജ്യൂസ്, ഫ്ലേവർഡ് ചായ, എനർജി ഡ്രിങ്ക് തുടങ്ങിയ പഞ്ചസാര പാനീയങ്ങൾ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുന്ന മറ്റ് സാധാരണ ഘടകങ്ങളാണ്. ദ്രാവക രൂപത്തിലുള്ള ഭക്ഷണത്തിൽ നാരുകൾ കുറവായതു കൊണ്ട് വയറിന് സംതൃപ്തി നൽകില്ല. ഇതിൽ അടങ്ങിയ പഞ്ചസാര പൊണ്ണത്തടി, ഫാറ്റി ലിവർ രോഗം, ഇൻസുലിൻ അളവിലെ മാറ്റങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
അനാരോഗ്യകരമായ ലഘുഭക്ഷണം
അനാരോഗ്യകരമായ ലഘുഭക്ഷണം വിശപ്പ് കുറയ്ക്കുകയല്ല, മറിച്ച് വിശപ്പ് വർധിപ്പിക്കുകയാണ് ചെയ്യുക. ഇത് അമിതമായ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുക, അത്താഴത്തിന് തൊട്ടുപിന്നാലെ പല്ല് തേയ്ക്കുക, ച്യൂയിങ് ഗം എന്നിവ അനാരോഗ്യകരമായ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കും.
ഉറക്കക്കുറവ്
മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഹോർമോണുകൾ അസ്വസ്ഥമാവുകയും വിശപ്പ് വർധിക്കുകയും ചെയ്യുന്നു. സ്ഥിരമായ ഉറക്കക്കുറവ് വയറിന് ചുറ്റും കൊഴുപ്പ് സംഭരിക്കുന്ന സമ്മർദ ഹോർമോൺ ആ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകും. രാത്രി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നതാണ് ആരോഗ്യകരം. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ വിശപ്പ് ഹോർമോണുകൾ അസ്വസ്ഥമാവുകയും ഊർജ്ജ നില കുറയ്ക്കുകയും ചെയ്യുന്നതിനാൽ അത് അവരുടെ വിശപ്പ് വർധിപ്പിക്കാൻ സാധ്യതയുണ്ട്.
കുറഞ്ഞ ജലാംശം
നിർജ്ജലീകരണം പലപ്പോഴും വിശപ്പുമായി തെറ്റിദ്ധരിക്കാം. ശരീരത്തിന് വെള്ളം ആവശ്യമായി വരുമ്പോൾ ആളുകൾ ലഘുഭക്ഷണം കഴിക്കാം.
ശരിയായ ജലാംശം ദഹനത്തിനും ഊർജ്ജ നില നിലനിർത്താനും സഹായിക്കുന്നു.
വേഗത്തിൽ ഭക്ഷണം കഴിക്കുക
തിരക്കു പിടിച്ചു ഭക്ഷണം കഴിക്കുന്നതോ ജോലിക്കിടയിലോ മൾട്ടിടാസ്കിങ് നടത്തുമ്പോഴോ ഭക്ഷണം കഴിക്കുന്നത് വയറു നിറയുന്നുവെന്ന് മനസ്സിലാക്കാൻ തലച്ചോറിന് സമയമെടുക്കും. ഇത് കൂടുതൽ കലോറി ഭക്ഷണം കഴിക്കാൻ കാരണമാകുന്നു. കൂടുതൽ നേരം അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും മിക്കപ്പോഴും അമിതമായ കലോറി ഉപഭോഗത്തിനും കാരണമാകും.
വ്യായാമമില്ലായ്മ
ദീർഘനേരമുള്ള ഇരിപ്പ് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. ജോലിക്കിടയിൽ ഇടവേളകൾ എടുത്ത് ശരീരം ചലിപ്പിക്കേണ്ടത് പ്രധാനമാണ്.
ദിവസവുമുള്ള വ്യായാമം കുറയുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും വയറിലെ ഭാഗത്ത് കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും.
ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡുകളിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിൽ നാരുകളും പ്രോട്ടീനും കുറവായിരിക്കും. ഇത് പെട്ടെന്ന് വിശപ്പ് ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. സംസ്ക്കരിച്ച ഭക്ഷണം കഴിക്കുന്നത് ശരീരഭാരം പെട്ടെന്ന് വർധിക്കാനും വീക്കം വിട്ടുമാറാതിരിക്കാനും ആരോഗ്യസങ്കീർണതകൾ കൂടാനും കാരണമാകും.
സ്ട്രെസ് ഈറ്റിങ്
ഇന്ന് ആളുകളിൽ സാധാരണ കാണപ്പെടുന്ന ഒരു ശീലമാണ് സ്ട്രെസ് ഈറ്റിങ്. അതായത്, ആളുകൾ വിഷമിക്കുകയോ പിരിമുറുക്കപ്പെടുകയോ ചെയ്യുമ്പോൾ, അവരുടെ വികാരങ്ങളെ നേരിടാൻ വേണ്ടി അമിതമായി ഭക്ഷണം കഴിക്കുന്നു. സമ്മർദം, സ്ട്രെസ് ഹോർമോണുകൾ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു, വിശപ്പ് വർധിപ്പിക്കുന്നു.



Be the first to comment