മുഖ്യമന്ത്രി പിണറായി വിജയന്റെ മത്സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി സിപിഐ നേതാവ് സി ദിവാകരൻ. തന്റെ പ്രതികരണം കൗതുകമായി മാത്രം കണ്ടാൽ മതിയെന്നാണ് ഇന്ന് നടത്തിയ പ്രതികരണം. സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വസതിയിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ ഇഷ്ടപ്പെട്ട മീൻ വിഭവം ഇല്ലാത്തതിനാൽ പിണറായി വിജയൻ ഇറങ്ങിപ്പോയെന്നായിരുന്നു കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത്.
തന്റെ പ്രതികരണം വിവാദമാക്കേണ്ടെന്നും എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സി ദിവാകരൻ ഇന്ന് പറഞ്ഞു. തന്റെ അനുഭവങ്ങളാണ് പറഞ്ഞതെന്നും സി ദിവാകരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആനത്തലവട്ടം ആനന്ദന്റെ മകന്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും സി ദിവാകരൻ പ്രതികരിച്ചു.
പിണറായി ഒരിക്കൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് പോയതെന്നും ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവയുടെ പ്രതികരണം. സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ട് ആയിരിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പിണറായി വിജയന് സാധാരണ മീൻ പോരെന്നും എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീൻ വേണമെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു ദിവാകരന്റെ വാക്കുകൾ.



Be the first to comment