തിരുവനന്തപുരത്തെ സ്‌പാ സെൻ്ററുകളില്‍ മിന്നല്‍ റെയ്‌ഡ്, കര്‍ശന നടപടിയെന്ന് മേയര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ കോര്‍പ്പറേഷന് കീഴില്‍ വരുന്ന സ്‌പാ സെൻ്ററുകളിൽ ഇന്ന് മുതൽ കർശന പരിശോധന. തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന ചില സ്‌പാ സെൻ്ററുകള്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌പാ സെൻ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

തിരുവല്ലയിലെ സ്‌പാ സെൻ്ററിലുണ്ടായ സംഭവത്തിനു പിന്നാലെയാണ് നടപടി. ഗുണ്ടാസംഘം സ്‌പാ സെൻ്ററിലെ ജീവനക്കാരിയിൽ നിന്ന് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബലാത്സംഗം ചെയ്‌തെന്നും ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനും ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലുടനീളമുള്ള സ്‌പാ സെൻ്ററുകൾ പരിശോധിക്കും.

കോർപ്പറേഷൻ ഉദ്യോഗസ്ഥരിൽ നിന്നും പൊലീസിൽ നിന്നും വിശദാംശങ്ങൾ തേടിയതായും, നഗരത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്‌പാകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായും മേയർ പറഞ്ഞു. “തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌പാകൾക്കും നൽകിയിട്ടുള്ള ലൈസൻസുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലൈസൻസ് നൽകിയിട്ടുള്ള എല്ലാ സ്‌പാകളിലും പരിശോധന നടത്തും” എന്ന് മേയർ വി വി രാജേഷ് പറഞ്ഞു.

രഹസ്യ വിവരത്തെ തുടർന്ന്, നഗരത്തിലെ ചില സ്‌പാകളിൽ പൊലീസ് പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ ജീവനക്കാർ പ്രായപൂർത്തിയാകാത്തവരായതിനാൽ നടപടിയെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഈ മേഖലയിൽ വ്യാപകമായ പരിശോധനക്കും നടപടി എടുക്കുന്നതിനും കോർപ്പറേഷനും പൊലീസും സംയുക്ത പ്രവർത്തനമാണ് നടത്തുക. ചില സ്‌പാകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നെണ്ടെന്നും ക്രോസ്-മസാജ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്’ എന്നും മേയർ പറഞ്ഞു.

സ്‌പാകൾക്കുള്ള കോർപ്പറേഷൻ ലൈസൻസുകളിൽ യോഗ്യതയുള്ള മസാജർമാരുടെയും ഒരു ഡോക്‌ടറുടെയും സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, മിക്ക സ്‌പാകളിലും ഇവ രണ്ടും ഇല്ലെന്നും ചില ഡോക്‌ടർമാർ അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അത്തരം ഡോക്‌ടർമാരുടെ വിശദാംശങ്ങൾ മെഡിക്കൽ കൗൺസിലിന് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിൽ സ്‌പാകൾ നടത്തുന്ന മാഫിയയുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്നും മേയർ ആരോപിച്ചു. “കോർപ്പറേഷനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും അത്തരം ഉദ്യോഗസ്ഥരെക്കുറിച്ച് വിവരമുണ്ട്. അധാർമികമോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്‌പായ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. അത്തരം സ്‌പാകളുടെ ലൈസൻസുകൾ റദ്ദാക്കുകയും പൊലീസ് പിന്തുണയോടെ നടപടികൾ ആരംഭിക്കുകയും ചെയ്യും” എന്ന് മേയർ കൂട്ടിച്ചേർത്തു.

യുവതിയോട് മോശം പെരുമാറ്റം
ശനിയാഴ്‌ച സെക്രട്ടേറിയറ്റിനടുത്തുള്ള ഒരു സ്‌പായിൽ അഭിമുഖത്തിന് എത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി ലഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ കോർപറേഷൻ്റെ ഹെൽത്ത് വിഭാഗവും പൊലീസും സംയുക്തമായി ‘സ്‌പർശൻ വെൽനസിൽ’ മിന്നൽ പരിശോധന നടത്തി.

‘സ്‌പായുടെ ലൈസൻസ് എടുത്തിരിക്കുന്ന വ്യക്തിയല്ല ഇപ്പോൾ സ്ഥാപനം നടത്തുന്നത്. അതിനുവേണ്ട യോഗ്യത ഇല്ലാത്തവരാണ് നിലവിൽ സ്‌പാ നടത്തുന്നത്. സ്ഥാപനം നടത്തുന്നതിനും മസാജ് നടത്തുന്നതിനും വേണ്ട മാനദണ്ഡങ്ങൾ ഇവർ പാലിക്കുന്നില്ല’ എന്ന് സീനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗണേഷ് കുമാർ പറഞ്ഞു. പിന്നാലെ ഇവർക്കെതിരെ നടപടിയെടുക്കുകയും സ്‌പാ പൂട്ടിക്കുകയും ചെയ്‌തു.

കോർപ്പറേഷൻ ഈ വിഷയം ഗൗരവമായി എടുക്കുകയും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ ക്രിമിനൽ സംഘങ്ങൾ സ്‌പാകൾ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുമെന്ന് മേയർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*