‘സച്ചിതാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, വികസന തുടർച്ചയ്ക്ക് ഇടതുസർക്കാർ വീണ്ടും വരണം’; കെ കെ ശൈലജ

കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്ന്കെ.കെ ശൈലജ പറഞ്ഞു. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽഡിഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും ശൈലജ അവകാശപ്പെട്ടു.

രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ പറഞ്ഞിരുന്നു. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും താൻ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സച്ചിദാനന്ദൻ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിന്‍റേതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതിന് അർത്ഥം കമ്മ്യൂണിസ്റ്റ്‌ പാർട്ടി തുടരരുത് എന്നല്ല. തുടർ ഭരണം വന്നാൽ പാവപ്പെട്ട എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ല. ആര് വർഗീയ നിലപാട് സ്വീകരിച്ചാലും അതിനെ എതിർത്ത് പോകും. അതാണ് പാർട്ടി നിലപാട്. എല്ലാവരെയും ഉൾപ്പെടുത്തി ആണ് LDF പ്രവർത്തിക്കുന്നത്. മധ്യവർഗത്തെ മാത്രം പരിഗണിക്കുന്നു എന്ന സച്ചിദാനന്ദന്‍റെ വിമർശനത്തിനാണ് മറുപടി. വിമർശനത്തിൽ ഉൾകൊള്ളേണ്ടത് ഉൾകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*