എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍

കോഴിക്കോട്: എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍. വികസിത അര്‍ധവികസിത രാജ്യങ്ങളെക്കാള്‍ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാവങ്ങള്‍ എന്ന പ്രയോഗം ഇനി മലയാള ഭാഷയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പറയാനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനകളെ സിപിഎം അതത് സമയങ്ങളില്‍ പരസ്യമായി തള്ളിപ്പറഞ്ഞതാണ്. വര്‍ഗീയ പരാമര്‍ശത്തിന്റെതായ ഒരുപ്രയോഗത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാവില്ല. വര്‍ഗീയത ആര് പറഞ്ഞാലും അതിനെതിരെ എന്നും ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎമ്മിലെ കമ്യൂണിസ്റ്റുകാര്‍ എതിരാണെന്ന് വിഡി സതീശനും വേണുഗോപാലും പറയുന്നത് ശുദ്ധ തോന്ന്യാസമാണ്. നുണരോഗമാണ് ഇവര്‍ക്ക് ബാധിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റുകാര്‍ തുടര്‍ ഭരണത്തിനെതിരാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും സിപിഎമ്മിന് ബന്ധമില്ല. കള്ളം പറയലാണ് പ്രതിപക്ഷ നേതാവിന്റെ പണിയെന്നും കോ-ലി-ബി ജമാ അത്തെ സഖ്യത്തിന്റെ കോര്‍ഡിനേറ്ററാണ് വിഡി സതീശനെന്നും ഗോവിന്ദന്‍ പറഞ്ഞു.

സച്ചിദാനന്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളും. ഉള്‍ക്കൊള്ളുക എന്ന് പറഞ്ഞാല്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ്. അദ്ദേഹം വിമര്‍ശിച്ച ലേഖനം അവസാനം വരെ വായിച്ചാല്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് വ്യക്തമാകുക.

അദ്ദേഹത്തിന്റെതായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു. അതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ല. സിപിഎമ്മിനെ സംബന്ധിച്ച് തോല്‍വി എന്നത് അവസാനത്തെ തോല്‍വിയോ ജയം എന്നത് ആത്യന്തിക വിജയമോ അല്ല. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകേണ്ടതിന്റെ കാരണം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തുത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*