‘ഒരു മാസത്തിനകം രാജ്യം മാവോയിസ്റ്റ് ഫ്രീയാകും’, മാവോയിസം വംശനാശത്തിൻ്റെ വക്കില്‍’: അമിത് ഷാ

റായ്‌പൂർ: ഒരു മാസത്തിനകം രാജ്യം മാവോയിസത്തിൽ നിന്ന് പൂർണമായും മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാരിൻ്റെ കീഴിൽ മാവോയിസം വംശനാശത്തിൻ്റെ വക്കിലാണെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്‌ഗഢിൽ നടന്ന സുരക്ഷാ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് മാവോയിസ്‌റ്റ് സാന്നിധ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായിരുന്നു ഛത്തീസ്‌ഗഢ്. എന്നാൽ മോദി സർക്കാർ ഭരണത്തിൽ എത്തിയതോടെ അതിൽ കുറവുണ്ടെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ യുവാക്കൾ ഇപ്പോൾ കായികം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിക്കുന്നതിനൊപ്പം അവരുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് നിന്ന് മവോയിസ്‌റ്റ് സാന്നിധ്യം പൂർണമായും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. മാവോയിസ്‌റ്റുകൾക്കെതിരായ പോരാട്ടത്തിൽ വിവിധ സംസ്ഥാന, കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിൻ്റെ ആവശ്യകതയെ കുറിച്ചും അമിത് ഷാ വ്യക്തമാക്കി. മാവോയിസ്‌റ്റുകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുരക്ഷയിലും വികസനത്തിലും ഛത്തീസ്‌ഗഢ് പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. മാവോയിസ്‌റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും വികസനത്തിന് തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷയിലെ കാണ്ഡമാലിൽ നടന്ന ഓപ്പറേഷനിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തെരയുന്ന മാവോയിസ്‌റ്റ് നേതാവായ ഗണേഷ് ഉയികെ ഉൾപ്പെടെ ആറ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതികരിച്ച് കൊണ്ട് നക്‌സൽ ഫ്രീ ഭാരതിലേക്ക് രാജ്യം അടുത്ത് കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ നേരത്തെ സമൂഹ മാധ്യമമായ എക്‌സ് വഴി അറിയിച്ചിരുന്നു.

രാജ്യത്ത് മാവോയിസ്‌റ്റ് സാന്നിധ്യം ഉള്ളത് കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലാണ്. ഛത്തിസ്‌ഗഢ്, ജാര്‍ഖണ്ഡ് ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ശക്തമായ മാവോയിസ്‌റ്റ് സാന്നിധ്യമുണ്ടെന്നാണ് കണക്കുകൾ. പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ മാവോയിസ്‌റ്റുകൾ കീഴടങ്ങിയതും സുരക്ഷാ ജീവനക്കാരും ജനങ്ങളും കൊല്ലപ്പെട്ടത് ഛത്തീസ്‌ഗഢിലാണ്.

ഛത്തീസ്‌ഗഢിലെ വികസന പദ്ധതികളെക്കുറിച്ചുള്ള അവലോകന യോഗത്തിലും അമിത് ഷാ പങ്കെടുത്തു. മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ്, ഉപമുഖ്യമന്ത്രി വിജയ് ശർമ്മ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഛത്തീസ്‌ഗഢ്, തെലങ്കാന, ജാർഖണ്ഡ്, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും പൊലീസ് ഡയറക്‌ടർ ജനറൽമാരും യോഗത്തിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*