“പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല”; ലോക്‌സഭാ സ്‌പീക്കറിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല എന്നാരോപിച്ചാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുല്‍ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാതെയിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് പ്രതിപക്ഷം അവിശ്വായ പ്രമേയത്തിനൊരുങ്ങുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 94-സി പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. ഗുരുതര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല, ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ല, കോൺഗ്രസിലെ വനിതാ എംപിമാർക്കെതിരെ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രമേയം അവതരിപ്പിക്കുന്നത്.

ലോക്‌സഭയിൽ ഇതുസംബന്ധിച്ച പ്രമേയം ഉടൻ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ലോക്‌സഭയിൽ 100 ​​എംപിമാരുടെ ഒപ്പ് ആവശ്യമാണെന്നും വിവിധ പ്രതിപക്ഷ എംപിമാരുടെ ഒപ്പുകൾ വാങ്ങൽ പ്രക്രിയയിലാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കന്നു.

തീരുമാനം ഖാര്‍ഗെയുടെ നേതൃത്വ ചര്‍ച്ചയില്‍

കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇടതുപക്ഷം, ഡിഎംകെ, എസ്പി, ആർജെഡി, ശിവസേന (യുബിടി), എൻസിപി (എസ്പി), ആർഎസ്പി തുടങ്ങിയ പാർട്ടികൾക്ക് പുറമേ ടിഎംസിയും യോഗത്തിൽ പങ്കെടുത്തു.

പ്രതികരിച്ച് കെ സി വേണുഗോപാൽ

ലോക്‌സഭയിൽ പ്രതിപക്ഷത്തിന് ഇടമില്ലെന്ന് കോൺഗ്രസ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും ലോക്‌സഭയിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനുവാദമില്ലെന്നും അവര്‍ വ്യക്തമാക്കി. ” അതേസമയം സർക്കാരിന് അവർക്ക് ഇഷ്ടമുള്ളത് പറയാനും, പ്രതിപക്ഷ അംഗങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്താനും കഴിയുമെന്നും” പാർട്ടി എംപി കെ സി വേണുഗോപാൽ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാന്‍ അനുവദിക്കാത്തത് നിങ്ങള്‍ എല്ലാവരും കണ്ടതാണല്ലോ എന്ന് വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു. സ്‌പീക്കർ ബിർളയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കാമെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“സർക്കാർ പക്ഷത്തിന് എന്തും പറയാം. അവർക്ക് ആരെയും ആക്രമിക്കാം. അവഹേളിക്കുന്ന കാര്യങ്ങൾ പറയാം. ജീവിച്ചിരിപ്പില്ലാത്തവർക്കെതിരെ പോലും തെറ്റായ കാര്യങ്ങള്‍ പറയാം. കോൺഗ്രസ് വനിതാ എംപിമാർക്കെതിരെ സ്പീക്കർ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഈ സഭയിൽ പ്രതിപക്ഷത്തിന് ഇടമില്ല,”വേണുഗോപാൽ വ്യക്തമാക്കി.

പ്രതിപക്ഷം ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് “നടപടി സ്വീകരിച്ച ശേഷം നിങ്ങൾക്ക് മനസിലാകും” എന്ന് വേണുഗോപാൽ പറഞ്ഞു. മുഴുവൻ പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*