നെല്ല് സംഭരണത്തിന് സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ പ്രതിഷേധം. കർഷക സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് കേന്ദ്രത്തിന് സംസ്ഥാനം കത്ത് നൽകി.
കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് കേരളം കേന്ദ്രത്തിന് കത്ത് നൽകിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഒരു ലക്ഷത്തിനടുത്ത് നെൽ കർഷകരാണ് പാലക്കാട് ജില്ലയിലുള്ളത് . 2024- 25 വർഷം രണ്ട് ലക്ഷം മെട്രിക് ടൺ നെല്ല് പാലക്കാട് നിന്ന് മാത്രം ശേഖരിച്ചിരുന്നു. കേന്ദ്ര സർക്കാർ സർക്കുലർ പാലിക്കപ്പെട്ടാൽ പാലക്കാട്ടെ കർഷകർക്ക് 150 കോടിയിലേറെ രൂപ നഷ്ടമാകുമെന്നാണ് ആശങ്ക.
നെൽ കർഷകർക്കായി സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം റദാക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് കത്തിച്ചാണ് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക സംഘം പ്രതിഷേധിച്ചത്. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.രണ്ടാം വിള നെല്ല് സംഭരണം ആരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാറിന്റെ നീക്കം കർഷകരുടെ ഭാവിയെ പോലും ബാധിക്കുന്ന തരത്തിലേക്ക് മാറിയെന്ന് സമരക്കാർ പറഞ്ഞു.



Be the first to comment